കോട്ടയം:പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ.അജയ് ഹൈക്കോടതിയിലെത്തി മാപ്പ് പറഞ്ഞിട്ടും (CITU Leader Ajay apologized to court) നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമ വെട്ടിക്കൽ രാജ് മോഹൻ കൈമൾ. കഴിഞ്ഞ ജൂൺ 25നാണ് കോട്ടയം തിരുവാർപ്പ് സ്വദേശിയായ ബസ് ഉടമ രാജ്മോഹന് പൊലീസ് സാന്നിധ്യത്തിൽ മർദനമേറ്റത്. ബസ് ജീവനക്കാരുടെ സമരത്തിനിടെയായിരുന്നു മുൻ പ്രവാസിയും സൈനികനുമായ രാജ്‌മോഹന് മർദനമേറ്റത്.
മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് അജയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ (contempt of court) കേസിന്‍റെ തുടർ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. ബസ് ഉടമയ്‌ക്ക് കോടതി സംരക്ഷണം ഉള്ളത് തനിക്കറിയില്ലെന്നും അജയ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഉടമയ്‌ക്ക് സംരക്ഷണം ഉള്ള കാര്യം അജയ്‌ക്ക് നേരത്തെ അറിയാമായിരുന്നു എന്ന് പൊലീസ് കോടതിയിൽ പറഞ്ഞു.
അജയ് ഇതിനു മുൻപ് ഉടമയെ ഭീക്ഷണിപ്പെടുത്തിയിരുന്നു. കൊടി ബസിൽ നിന്നഴിച്ചാൽ വീട്ടിൽ കേറി തല്ലുമെന്ന് അജയ് ഉടമയോടു പറഞ്ഞിരുന്നു. രാജ് മോഹൻ കുമരകം പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യറായത്. ആക്രമണ ദ്യശൃങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകനെയും അജയ് മർദിച്ചിരുന്നു.