കോട്ടയം :മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനും കുടുംബത്തിനും നേരെ ഊമക്കത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പൊലീസ് അദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തി.
ഊമക്കത്തിലൂടെ വധഭീഷണി : തിരുവഞ്ചൂരിന്‍റെ മൊഴിയെടുത്തു കോട്ടയത്തെ വസതിയിൽ എത്തിയാണ് പൊലീസ് വിശദാംശങ്ങള്‍ ശേഖരിച്ചത്. എഡിജിപിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നിന്നും എംഎൽഎ ഹോസ്റ്റല്‍ വിലാസത്തിൽ തിരുവഞ്ചൂരിനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണി മുഴക്കി കൊണ്ടുള്ള കത്ത് ലഭിച്ചത്.
ഇതേ തുടര്‍ന്ന് തിരുവഞ്ചൂർ മുഖ്യമന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചിരുന്നു. ഇതൊടൊപ്പം കത്തിന്‍റെ പകർപ്പും നൽകിയിരുന്നു.
കത്തിൽ ടി പി വധക്കേസ് പ്രതികളുടെ പങ്ക് സർക്കാർ അന്വേഷിക്കട്ടെയെന്നും ജയിലിൽ നിന്ന് നടന്ന നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും തിരുവഞ്ചൂർ ആരോപിച്ചു.
Also Read:'10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ വകവരുത്തും'; തിരുവഞ്ചൂരിനും കുടുംബത്തിനും വധഭീഷണി
കോട്ടയത്തിന്‍റെ ചുമതലയുള്ള ആലപ്പുഴ എസ്‌പി തന്നെ വിളിച്ചിരുന്നുവെന്നും നിർഭയമായ പൊതുപ്രവർത്തനം തുടരുമെന്ന് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീഷണിയെ ഗൗരവമായാണ് കാണുന്നത്. ജനം തരുന്നതിനേക്കാൾ വലിയ സംരക്ഷണം വേറെ ഇല്ല. അതിനാല്‍ പൊലീസ് സംരക്ഷണം തനിക്ക് വേണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ താൻ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.