കോട്ടയം: നഗരത്തിലെ ആകാശപ്പാത പദ്ധതി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ആറേഴ് വര്‍ഷമായി പദ്ധതി പൂര്‍ത്തിയാവാതെ കിടക്കുന്നു. സര്‍ക്കാര്‍ പോസിറ്റീവായി ഇതിനെ കാണണമെന്നും അദ്ദേഹം ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 13) കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാതിവഴിയില്‍ നിര്‍മാണം നിലച്ച കോട്ടയത്തെ ആകാശപ്പാത പദ്ധതിയെക്കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സംസാരിക്കുന്നു 'വികസനത്തിന് സഹായിക്കണം':കോട്ടയത്തിന്‍റെ വികസനം ഇടത് സർക്കാർ അട്ടിമറിച്ചു. നാടിന്‍റെ വികസനത്തിന് തടയിട്ടത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ്. ആറ് വർഷമായി ഒൻപതോളം പദ്ധതികൾ പാതി വഴിയിലാണ്. ഇനിയെങ്കിലും പിടിവാശി അവസാനിപ്പിച്ച് നാടിന്‍റെ വികസനത്തിന് സഹായിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
നഗരത്തിൽ കാൽനട യാത്രക്കാര്‍ക്ക് സഞ്ചരിക്കാൻ ആരംഭിച്ച പദ്ധതിയാണ് ആകാശപ്പാത. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ തിരുവഞ്ചൂര്‍ മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. അശാസ്‌ത്രീയമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് ആകാശപ്പാത നിര്‍മാണം പാതിവഴിയില്‍ നിലച്ചത്. ഇതിനെ ചൊല്ലി വിവാദം വീണ്ടും ഉയർന്നതോടെയാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം.
ജനങ്ങൾക്ക് ആവശ്യമില്ലെങ്കിൽ ആകാശപ്പാത പൊളിച്ച് നീക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിൽ പൊതുതാത്പര്യ പ്രകാരം വന്ന ഹർജിയിലാണ് കോടതി ഉത്തരവ്. പിന്നാലെ പദ്ധതി ശാസ്‌ത്രീയമല്ലെന്നും പൊളിച്ച് നീക്കണമെന്നും സിപിഎം ജില്ല സെക്രട്ടറി എ വി റസൽ ആവശ്യപ്പെട്ടു.
'സെക്രട്ടറിയുടേത് പാര്‍ട്ടി നിലപാട്':ഇരുമ്പ് ചട്ടക്കുട്ടിന് മുകളിൽ പ്ളാറ്റ്‌ഫോം ഉണ്ടാക്കി നാലുവശങ്ങളിൽ നിന്ന് ആളുകൾക്ക് കയറി മറുവശത്തെത്തുന്നതാണ് പദ്ധതി. വാഹന തിരക്കിൽ പെടാതെ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാനായി തുടങ്ങിയ പദ്ധതി നിലച്ചിട്ട് വർഷങ്ങളായി. ഉയർന്ന് നിൽക്കുന്ന ഇരുമ്പ് ചടക്കൂടുകൾ തുരുമ്പിച്ച സാഹചര്യത്തിലാണ് പദ്ധതി പൊളിച്ച് നീക്കണമെന്ന് ആവശ്യമുയർന്നത്.
അതേസമയം ഇക്കാര്യത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ജില്ല സെക്രട്ടറി പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കിറ്റ്കോ ജില്ലയിൽ ഏറ്റെടുത്ത വർക്കുകൾ എല്ലാം മോശമായാണ് തീർത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ആകാശപ്പാത പദ്ധതി അശാസ്‌ത്രീയമാണെന്ന വാദം പരക്കെ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് കാത്തിരിക്കുകയാണ് കോട്ടയം നിവാസികൾ.