കോട്ടയം: ആകാശപാത നിർമാണം സംബന്ധിച്ച് ഹൈക്കോടതിയുടെ വിധിയിൽ പൂർണമായി വിശ്വാസമുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. വളരെ പോസിറ്റീവായ സമീപനമാണ് കോടതി എടുത്തിരിക്കുന്നത്. പിടിവാശിയോ ദുരഭിമാനമോ ആവശ്യമില്ലെന്നും പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ സഹായം നൽകുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയത്തെ ആകാശപാത; ഹൈക്കോടതി വിധിയിൽ പൂർണ വിശ്വാസമുണ്ടെന്ന് തിരുവഞ്ചൂർ വിഷയത്തെ രാഷ്ട്രീയമായി കാണുന്നില്ല. കൂടാതെ കോടിമത രണ്ടാം പാലം, സൂര്യകാലടി റെഗുലറ്റർ കം ഓവർ ബ്രിഡ്‌ജ്, ചിങ്ങവനം സ്‌പോർട്‌സ് ഹബ് എന്നീ മൂന്ന് പദ്ധതികൾ കൂടി കോടതി കയറാതെ പൂർത്തിയാക്കാൻ സർക്കാർ സഹായമുണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നവംബർ 28ന് ആകാശപാത പദ്ധതി പൂർത്തീകരിക്കാൻ എന്ത് നടപടികൾ എടുത്തുവെന്ന് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ആകാശപാത ഉയരുക തന്നെ ചെയ്യുമെന്നും ഈ ഉത്തരവ് താൻ അന്തിമ വിധിയായി കണക്കാക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ALSO READ:തുരുമ്പെടുത്ത് കോട്ടയത്തെ ആകാശപാത; പൊളിക്കുന്ന കാര്യം കലക്‌ടർക്ക് തീരുമാനിക്കാമെന്ന് സർക്കാർ
പദ്ധതി പൂർത്തിയാക്കാൻ ഇനി 3.22 കോടി രൂപ വേണം. റോഡ് സേഫ്റ്റി അതോറിറ്റിയുമായി ആലോചിച്ച് കലക്‌ടർ തീരുമാനമെടുക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് കോട്ടയത്ത് ആകാശ പാത നിർമാണം ആരംഭിച്ചത്. 5.75 കോടിയുടെ പദ്ധതിക്കായി ഇതിനകം ഒന്നേമുക്കാൽ കോടി രൂപ ചെലവാക്കി കഴിഞ്ഞു.