കോട്ടയം:സോളാർ കേസിൽ സിപിഎമ്മും ഇടതു മുന്നണിയും തങ്ങൾക്ക് പറ്റിയ തെറ്റ് കേരളീയ പൊതു സമൂഹത്തോട് ഏറ്റു പറയാൻ തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവും സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളുമായ ഉമ്മന്‍ ചാണ്ടി അഗ്നി ശുദ്ധി വരുത്തി തിരിച്ചു വന്നിരിക്കുകയാണ്. അത് കോണ്‍ഗ്രസിന്‍റെ ജന്മ വാര്‍ഷിക ദിനത്തിലായത് ഇരട്ടി സന്തോഷം നല്‍കുന്നു.
സോളാർ കേസിന്‍റെ പ്രധാന ലക്ഷ്യം: തെരഞ്ഞെടുപ്പിന്‍റെ തൊട്ടു മുന്‍പാണ് ഇടതുപക്ഷ മുന്നണി സർക്കാർ സോളാർ കേസ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തത്. അതിന്‍റെ പ്രധാന കാരണം എന്ത് മാര്‍ഗം സ്വീകരിച്ചും തെരഞ്ഞെടുപ്പ് കടമ്പ കടക്കുക എന്നത് മാത്രമാണ്. അതിനു വേണ്ടി അവര്‍ സ്വീകരിച്ച മാര്‍ഗം ഉമ്മന്‍ ചാണ്ടിയെ പോലെ ഇന്ത്യയിലെ ഏറ്റവും സീനിയറായ ഒരു നേതാവിനെ ഇതുപോലൊരു ദുഷിച്ച കേസില്‍ കുടുക്കുക എന്നതുമായിരുന്നു.
ധാര്‍മ്മികതയുടെ എല്ലാ അതിരുകളും ലംഘിച്ചു കൊണ്ടാണ് സോളാര്‍ കേസില്‍ ഇടതു മുന്നണി പ്രവര്‍ത്തിച്ചത്. അതിന് അവര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല എന്ന് കേരളീയ പൊതു സമൂഹത്തിനു ഇപ്പോൾ വ്യക്തമായി. എന്ത് നെറികെട്ട രാഷ്‌ട്രീയ പ്രവര്‍ത്തനവും നടത്തി എതിരാളികളെ തകര്‍ക്കും എന്ന് തെളിവ് സഹിതം കേരളീയ പൊതു സമൂഹത്തിന് ഈ ഒരൊറ്റ വിഷയതോടെ കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു.
മറക്കാനും ഒളിക്കാനും ഒന്നുമില്ല: സെക്രട്ടേറിയറ്റ് വളയല്‍ മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിക്കുന്നതില്‍ വരെ കാര്യങ്ങള്‍ ചെന്നെത്തി. കേരള പൊലീസ് വിശദമായി ഈ കേസ് അന്വേഷിച്ചു. ഇന്നത്തെ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പോലെ ഒന്നും ഒളിച്ചു വയ്‌ക്കാനും ഭയപ്പെടാനും ഇല്ലാത്തതിനാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ഉണ്ടായ എല്ലാ ആരോപണങ്ങളും ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് അന്വേഷിച്ചു.