കോട്ടയം: ടൂറിസ്‌റ്റ് കേന്ദ്രമായ തീക്കോയി മാര്‍മല അരുവിയിലേയ്ക്കുള്ള റോഡിന്‍റെ പല ഭാഗങ്ങളും ഇന്ന് അപകടാവസ്ഥയിലാണ്. വീതി കുറഞ്ഞ റോഡില്‍ സംരക്ഷണഭിത്തിയില്ലാതെ, കലുങ്കുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചതാണ് പലയിടത്തും റോഡുകൾ തകരാനുള്ള കാരണം. പല ഭാഗങ്ങളും ഇടിഞ്ഞതിനാൽ റോഡിന്‍റെ വീതി പകുതിയായി കുറഞ്ഞിരിക്കുകയാണ്.
തീക്കോയി മാര്‍മല അരുവി റോഡ് അപകടാവസ്ഥയിൽ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 429 ലക്ഷം രൂപ ചെലവഴിച്ച് 2018ലാണ് നാലര കിലോമീറ്റർ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. റോഡ് നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി നിര്‍മാണ കാലയളവില്‍ പരാതി ഉയര്‍ന്നിരുന്നു. മൂന്ന് മാസത്തിനുള്ളിൽ പലയിടത്തും തകര്‍ന്ന റോഡ് പുനരുദ്ധരിച്ചിരുന്നു. ചെങ്കുത്തായ മേഖലയിലെ കൈത്തോടുകള്‍ ഉള്ള പ്രദേശങ്ങളില്‍ കലുങ്കിന് പകരം സ്ഥാപിച്ച കോണ്‍ക്രീറ്റ് പൈപ്പുകളിൽ വലിയതോതില്‍ വെള്ളമെത്തിയതോടെ പൈപ്പ് സഹിതം ഒലിച്ചുപോകുകയായിരുന്നു. ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ഉദ്ഘാടനം കഴിഞ്ഞ് ആഴ്‌ചകള്‍ക്കുള്ളില്‍ ബൈക്ക് യാത്രികന്‍ സമീപത്തുള്ള കുഴിയിലേയ്ക്ക് വീണ് ഗുരുതര പരിക്കേറ്റിരുന്നു. റോഡിന്‍റെ തുടക്കത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ കലുങ്കുകള്‍ സ്ഥാപിച്ചതായി എഴുതിയിട്ടുണ്ടെങ്കിലും എല്ലാ ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പൈപ്പുകളാണ് ഇട്ടിരിക്കുന്നത്. വെള്ളച്ചാട്ടത്തിന്‍റെ മനോഹര കാഴ്‌ച സമ്മാനിക്കുന്ന മാര്‍മലയിലേയ്ക്ക് എത്തുന്നവര്‍ക്ക് സുരക്ഷിതയാത്ര ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.