കോട്ടയം: വാഗമണ്ണിലേയ്ക്കുള്ള റോഡില്‍ നിർമാണം പൂർത്തിയാക്കാത്ത വാച്ച് ടവര്‍ അപകടഭീഷണി ഉയർത്തുന്നു. നിർമാണം പാതിവഴിയില്‍ നിലച്ച കെട്ടിടത്തില്‍ സുരക്ഷാ സംവിധാനമില്ലാത്തയിടത്ത് സഞ്ചാരികള്‍ കയറുന്നതാണ് അപകടഭീഷണിയായി മാറുന്നത്. പി.സി ജോര്‍ജ് എം.എല്‍.എ.യുടെ ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ച് വിനോദസഞ്ചാരികള്‍ക്ക് മികച്ച കാഴ്‌ചാനുഭവം ലക്ഷ്യമിട്ടാണ് വെയിറ്റിങ് ഷെഡ് കം വാച്ച് ടവര്‍ നിര്‍മാണം തുടങ്ങിയത്. രണ്ടാം നിലയില്‍ കാന്‍റീനും ടെലിസ്‌കോപ്പ് അടക്കമുള്ള നിരീക്ഷണസൗകര്യവും ഒരുക്കാനായിരുന്നു പദ്ധതി. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് പദ്ധതിയുടെ നിര്‍മാണം നിലച്ചു.
നിർമാണം പൂർത്തിയാക്കാത്ത വാച്ച് ടവര്‍ അപകടഭീഷണി ഉയർത്തുന്നു - The unfinished Watch Tower
നിർമാണം പാതിവഴിയില്‍ നിലച്ച കെട്ടിടത്തില്‍ സുരക്ഷാ സംവിധാനമില്ലാത്തയിടത്ത് സഞ്ചാരികള്‍ കയറുന്നതാണ് അപകടഭീഷണിയായി മാറുന്നത്

വലിയ കൊക്കയുള്ള ഇവിടെ യാത്രക്കാര്‍ സെല്‍ഫി സ്‌പോട്ടാക്കിയതാണ് അപകടസാധ്യത കൂട്ടുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് വാഗമണ്ണിലേക്കുള്ള പാതയില്‍ ഏറ്റവും മനോഹരമായ മേഖലയാണ് കാരികാട് ടോപ്പ്. റോഡ് വികസനത്തിന്‍റെ ഭാഗമായി ഇവിടം വീതി കൂട്ടി നിര്‍മിച്ചതോടെ വാഹനം നിര്‍ത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. യുവാക്കളുടെ ബൈക്ക് അഭ്യാസവും ഫോട്ടോയെടുക്കുന്നതും വലിയ അപകടം ക്ഷണിച്ചുവരുത്തും.
ഏറ്റവും മുകളിലുള്ള നിലയിൽ നിന്ന് ഫോട്ടോയെടുക്കുന്നത് അപകടസാധ്യത കൂട്ടുകയാണ്. പെട്ടെന്ന് വീശുന്ന കനത്ത കാറ്റാണ് ഇവിടത്തെ പ്രത്യേകത. കെട്ടിടത്തിന്‍റെ മുകളിലേയ്‌ക്ക് കയറുന്നത് തടയാന്‍ വേലി സ്ഥാപിച്ചിട്ടുണ്ട്. വാച്ച് ടവര്‍ നിര്‍മാണത്തിനായി ഇതുവരെ ഒരു കോടി 15 ലക്ഷം രൂപ അനുവദിച്ചതായി പി.സി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ പണം അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.