കോട്ടയത്ത് കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ നികുതി വർധനക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നികുതി കൊള്ള നടത്തേണ്ട എന്ത് സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കോട്ടയത്ത് കലക്‌ടറേറ്റ് മാർച്ച് നടത്തിയത്. രാജ സ്ക്വയറിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് എത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ ധർണ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ ബജറ്റിനെതിരെ സംസ്ഥാനമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. പിണറായി എത്ര വെള്ളം ഒഴിച്ചാലും ആ പ്രതിഷേധ തീ കെടുത്താൻ ആവില്ല. നിലവിൽ നികുതി കൊള്ള നടത്തേണ്ട എന്ത് സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
സാധാരണക്കാരായ ആളുകളെ നികുതി കൊണ്ട് ശ്വാസംമുട്ടിക്കുകയാണ് സർക്കാർ. ശവത്തിനും ശവപ്പെട്ടിക്കും ഒഴികെ ബാക്കി എല്ലാത്തിനും നികുതി ഏർപ്പെടുത്തിയ സർക്കാരാണ് പിണറായി സർക്കാരെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. അഡ്വ. ഫിൽസൺ മാത്യൂസ്, ചിന്‍റു കുര്യൻ ജോയ്, ടോം കോര തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
ധർണ അവസാനിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ പൊലീസിന് നേരെ വെള്ളം നിറച്ച ബലൂണുകളും ചെരിപ്പുകളും എറിഞ്ഞു. കലക്‌ടറേറ്റ് കവാടത്തിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്.