കോട്ടയം: തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി മോഷണം നടത്തിയ കേസിൽ കൊല്ലം സ്വദേശിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കൊല്ലം കരവലൂർ വട്ടമൺ സജിമന്ദിരത്തിൽ സനോജിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ പത്തിനാണ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫിസിന്‍റെ പടിഞ്ഞാറുവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി മോഷണം നടത്തിയത്. ഓഫിസിലുണ്ടായിരുന്ന 16300 രൂപയും മറ്റു വസ്തുക്കളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
പണം നഷ്ടമായതായി കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശത്തെ തുടർന്ന് വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. മോഷണം നടന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പ്രതിയുടേത് എന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചിരുന്നു. ഫിംഗർ പ്രിന്‍റ് ബ്യൂറോയും, സയന്‍റിഫിക്ക് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവായ കൊല്ലം സ്വദേശി സനോജിന്‍റെ വിരലടയാളമാണ് ഇതെന്ന് തിരിച്ചറിഞ്ഞു.