കോട്ടയം :കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ-സൂസൻ ദമ്പതികളുടെ മകൻ ഐഹാൻ ആണ് മരിച്ചത്.
ശനിയാഴ്‌ചയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.
ALSO READ:കെ എം ബഷീറിന്‍റെ മരണം : കേസ് തിങ്കളാഴ്‌ച പരിഗണിക്കും
സംഭവം നടന്ന സമയം അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ സൂസനാണ് റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്ന് അറിയച്ചതെന്ന് പൊലീസ് പറയുന്നു. റിജോ വാർഡ് അംഗം ആന്‍റണി ജോസഫിനെ വിവരമറിയിച്ചതോടെ ഇവർ വീട്ടിലെത്തി കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിയാണോ മരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുമ്പോഴേ വ്യക്തമാകൂ. കുട്ടിയുടെ രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്തേക്കും.