കേരളം

kerala

ETV Bharat / state

കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 115 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ശക്തമായ മഴ

By

Published : Aug 9, 2019, 4:22 PM IST

കോട്ടയം:ശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പാലാ നഗരം പൂർണമായും വെള്ളത്തിനടിയിലായി. വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. ഏറ്റുമാനൂർ പാലാ റൂട്ടിൽ കിടങ്ങൂർ ഭാഗത്ത് റോഡിൽ വെള്ളം കയറിയത് കോട്ടയത്ത് നിന്ന് പാലായിലേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. മണിമലയാർ കരകവിഞ്ഞത് മുണ്ടക്കയം പ്രദേശത്ത് ദുരിതം വിതച്ചു. വൈക്കം മേഖലയിൽ മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു. അട്ടിപ്പിടികയിൽ വീടിന്‍റെ മേൽക്കൂര തകർന്ന് വീണ് നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈരാറ്റുപേട്ട അടുക്കത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കൃഷി വ്യാപകമായി നശിച്ചു. കോട്ടയം ചവിട്ടുവരി മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിൽ വന്മരങ്ങൾ കടപുഴകി. നാലോളം വീടുകൾ ഭാഗികമായി തകർന്നു. മീനച്ചിലാർ കരകവിഞ്ഞതോടെ തീരത്ത് താൽക്കാലിക ഷെഡ് കെട്ടി താമസിച്ചിരുന്ന വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. ഇവരെ ക്യാമ്പുകളിലേക്ക് മാറ്റി. അപ്പർകുട്ടനാടൻ മേഖലയായ കുമരകത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 115 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തിന്‍റെ മലയോര മേഖലയായ ഈരാറ്റുപേട്ട, തീക്കോയി, വെള്ളികുളം മേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ജില്ലയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി

ABOUT THE AUTHOR

...view details