കോട്ടയം :ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ മീനച്ചിലാറ്റിൽ മനുഷ്യ വിസർജ്യം കലർന്നതായി പഠന റിപ്പോർട്ട്. മീനച്ചിലാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമതാതീതമായി ഉയർന്നതായി കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്റെ ഗവേഷണത്തിലാണ് വ്യക്തമായത്. മനുഷ്യ വിസർജ്യം കലരുന്നതുമൂലം ശുദ്ധീകരിക്കാനാവാത്തവിധം ജലം മലിനമായതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്
കോട്ടയം ജില്ലയിലെ പ്രധാന നദിയായ മീനച്ചിലാര്‍ രൂക്ഷമായ മലിനീകരണം നേരിടുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2019, 2020, 2021 വർഷങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ജലപരിശോധന ഫലങ്ങൾ താരതമ്യം ചെയ്തപ്പോഴാണ് കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നതായി കണ്ടെത്തിയത്. 2020ൽ കോളിഫോം ബാക്ടീരയുടെ അളവ് കുറവായിരുന്നു. എന്നാൽ 2021ലെ ജലപരിശോധനയിൽ ഇവയുടെ അളവ് വർധിച്ചതായി കണ്ടെത്തി.
ഈരാറ്റുപേട്ട, പാലാ, കോട്ടയം പട്ടണങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ് മീനച്ചിലാറാണ്. ആറില്‍ നിന്ന് കോട്ടയം മെഡിക്കൽ കോളജ് അടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് കുടിവെള്ളo പമ്പ് ചെയ്യുന്നുണ്ട്. വന്‍ തോതിൽ മനുഷ്യ വിസർജ്യം കലരുന്നതാണ് ബാക്ടീരയയുടെ അളവ് വർധിക്കാനിടയായതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ പറഞ്ഞു.
മിനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽ വരെയുള്ള പത്തിടങ്ങളിൽ നിന്നാണ് ജലത്തിന്റെ സാമ്പിൾ പരിശോധിച്ചത്. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് മലിനീകരണം കുറവായിരുന്നെങ്കിൽ ഇപ്പോൾ രൂക്ഷമായി.