കോട്ടയം :കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ. മാനേജ്മെന്റിന്റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (02.06.2023) രാത്രിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയിൽ കോളജിലെ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധം നടത്തുന്നത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്നു ശ്രദ്ധ. ലാബിൽ മൊബൈൽ ഉപയോഗിച്ചതിന് പിന്നാലെ ശ്രദ്ധയുടെ ഫോൺ അധ്യാപകർ പിടിച്ചെടുത്തിരുന്നു.
മൊബൈൽ ഫോൺ തിരികെ നൽകണമെങ്കിൽ മാതാപിതാക്കൾ കോളജിൽ നേരിട്ട് എത്തണമെന്നും പല സെമസ്റ്ററുകളിലായി ശ്രദ്ധയ്ക്ക് വിവിധ വിഷയങ്ങളിൽ മാർക്ക് കുറവാണെന്നും മറ്റും ആരോപിച്ച് അധ്യാപകരും മാനേജ്മെൻ്റും നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ശ്രദ്ധ.
അതേസമയം, മകളുടെ മരണത്തിന് പിന്നാലെ സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ. ശ്രദ്ധയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് കോളജ് മാനേജ്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
എന്നാൽ, സംഭവത്തിൽ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്താൻ പാടില്ലെന്നാണ് വിദ്യാർഥികൾക്ക് കോളജ് മാനേജ്മെന്റ് നൽകിയിരിക്കുന്ന നിർദേശം. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരെ എത്രയും വേഗം പിടികൂടണം എന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ വിവിധ വിദ്യാർഥി സംഘടനകൾ കോളജിലേക്ക് പ്രതിഷേധ സമരം നടത്തി.