കേരളം

kerala

ETV Bharat / state

പോളവാരല്‍ ഈസിയാക്കാന്‍ 'ഈസി കലക്‌ട്'; ലഘു യന്ത്രം വികസിപ്പിച്ച് വിദ്യാര്‍ഥികള്‍ - പോളവാരല്‍ എളുപ്പമാക്കാന്‍ യന്ത്രം

കര്‍ഷകര്‍ക്ക് പോളവാരല്‍ എളുപ്പമാക്കാന്‍ യന്ത്രം വികസിപ്പിച്ച് വിദ്യാര്‍ഥികള്‍. 3500-5500 രൂപ വരെ വിലയുള്ള ഈസി കലക്‌ടാറ്റാണ് വികസിപ്പിച്ചത്. മൂന്ന് മുതല്‍ ആറ് മീറ്റര്‍ വരെ വീതിയുള്ള തോടുകളിലെ പോള ഈസിയായി വാരാനാകും. കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിന് മുതല്‍ കൂട്ടാകുന്നതാണ് ഈസി കലക്‌ട്.

പോളവാരൽ ഈസിയാക്കി ഈസി കളക്ട്  ഈസി കലക്‌ട് യന്ത്രം വികസിപ്പിച്ച് വിദ്യാര്‍ഥികള്‍  Students developed easy collect machine in Kollam  easy collect machine  easy collect machine in Kollam  kerala news updates  latest kerala news  agricultural news  കര്‍ഷകര്‍  പോളവാരല്‍ എളുപ്പമാക്കാന്‍ യന്ത്രം  ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എൻജിനീയറിങ് കോളജ്
പോളവാരല്‍ ഈസിയാക്കാന്‍ 'ഈസി കലക്‌ട്'

By

Published : Feb 10, 2023, 10:04 AM IST

Updated : Feb 10, 2023, 12:39 PM IST

പോളവാരല്‍ ഈസിയാക്കാന്‍ 'ഈസി കലക്‌ട്'

കോട്ടയം: ജലാശയങ്ങളിലെ പോളവാരലും, ആഫ്രിക്കൻ പായൽ നീക്കലും ഈസിയാക്കി 'ഈസി കലക്‌ട്' വികസിപ്പിച്ച് വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് കര്‍ഷകര്‍ ഏറെ പ്രയോജനകരമായ ഈ ലഘു യന്ത്രം വികസിപ്പിച്ചത്. ഇത് ഉപയോഗിച്ച് മൂന്ന് മുതല്‍ ആറ് മീറ്റര്‍ വരെ വീതിയുള്ള തോടുകളിലെയും ജലാശയങ്ങളിലെയും പോളയും പായലും വേഗത്തില്‍ നീക്കാനാവും.

വിപണിയില്‍ 3500-5500 രൂപയ്‌ക്ക് ലഭ്യമാകുന്ന ഈ കുഞ്ഞന്‍ യന്ത്രം നിര്‍മിച്ചിരിക്കുന്നത് ഉന്നത നിലവാരമുള്ള സ്റ്റീല്‍ കൊണ്ടാണ്. കാര്‍ഷിക മേഖലയിലെ മികച്ച മുന്നേറ്റങ്ങളിലൊന്നാണിത്. പോളയും പായലും കയറി നശിക്കുന്ന കൃഷിയിടങ്ങളിലെല്ലാം ഇനി മുതല്‍ കൃഷി ചെയ്യാനാകുമെന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്.

നാലര വര്‍ഷം മുമ്പ് അരക്കോടി രൂപ മുടക്കി ജില്ല പഞ്ചായത്ത് കര്‍ഷകര്‍ക്ക് പോളവാരാനായി പുതിയെരു യന്ത്രം വാങ്ങി നല്‍കിയിരുന്നു. കര്‍ഷകര്‍ക്ക് പുറമെ സ്വകാര്യ വ്യക്തികള്‍ക്കും വാടകയ്‌ക്ക് നല്‍കി പണമുണ്ടാക്കെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ യന്ത്രം വാങ്ങി ഏതാനും തവണ ഉപയോഗിച്ചപ്പോള്‍ തന്നെ അത് തകരാറിലാവുകയാണുണ്ടായത്.

പോളയും ആഫ്രിക്കന്‍ പായലും കൊണ്ട് പൊറുതി മുട്ടിയ കര്‍ഷകര്‍ക്ക് പുതിയ യന്ത്രം ഏറെ പ്രയോജനകരമായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു 'ഈസി കലക്‌ട്' യന്ത്രം കർഷകർക്കും ഉപയോക്താക്കൾക്കുമായി സമർപ്പിച്ചു. കേരള കാർഷിക സർവകലാശാലയുടെ കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല കnക്‌ടര്‍ ഡോ. പി.കെ ജയശ്രീ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയിലെ വിദഗ്‌ധ കൂടിയാണ് ജില്ല കലക്‌ടര്‍ ജയശ്രീ.

ജില്ല കലക്‌ടര്‍ മുന്നിട്ട് നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയാണ് ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നതുമായ ഈസി കലക്‌ട് യഥാര്‍ഥ്യമാകാന്‍ കാരണം. ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എൻജിനീയറിങ് കോളജും ജില്ല ഭരണകൂടവും കുമരകം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ യന്ത്രം വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്.

ഏതൊരാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന തരത്തിലാണ് ഈസി കലക്‌ട്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഉപകരണത്തിന് പേറ്റന്‍റ് ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ യന്ത്രത്തില്‍ യഥേഷ്‌ടം മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാനുമാകും എന്നതാണ് ഇതിന്‍റെ പ്രത്യേകത.

ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ഈസി കലക്‌ട് യന്ത്രം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അജയൻ കെ. മേനോൻ, ധന്യ സാബു, സബിത പ്രേംജി, ബി.എൽ സെബാസ്റ്റിൻ, ജില്ല പഞ്ചായത്തംഗം ഹൈമി ബോബി, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. ഡി. ബിജുലാൽ, കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ. ജി. ജയ ലക്ഷ്‌മി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ഗീത വർഗീസ്, കുടുംബ ശ്രീ ജില്ല കോഡിനേറ്റർ അഭിലാഷ് ദിവാകർ, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്‍റ് എൻജിനീയറിങ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. സുജ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോസ്ഥർ, പാടശേഖര സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Last Updated : Feb 10, 2023, 12:39 PM IST

ABOUT THE AUTHOR

...view details