കോട്ടയം: പാക്കിൽ പവർഹൗസ് റോഡിൽ സ്വകാര്യ ബസിന്‍റെ തുറന്നു വച്ച ഡോറിലൂടെ എട്ടാം ക്ലാസ് വിദ്യാർഥി റോഡിൽ തെറിച്ചു വീണ സംഭവത്തിൽ ബസ് പിടിച്ചെടുത്ത് പൊലീസ്. ചിപ്പി എന്ന സ്വകാര്യ ബസ് ആണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഇടപെട്ടതോടെയാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.
ഉച്ചയോടെ കുട്ടിയുടെയും പിതാവിന്‍റെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, രണ്ടു മണിയോടെ ബസ് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ആർടിഒ അറിയിച്ചു. പാക്കിൽ പവർഹൗസ് ജംഗ്ഷനിൽ ഇന്നലെ (ഒക്‌ടോബർ 7) വൈകിട്ട് നാല് മണിയോടെയാണ് സംഭവം.