കോട്ടയം: അക്രമണകാരികളായ നായകളെയും പേവിഷബാധയുള്ള നായകളെയും നിര്‍മാര്‍ജനം ചെയ്യാന്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ല പഞ്ചായത്ത് കക്ഷി ചേരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ മുഴുവൻ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഹർജിയിൽ പങ്കാളികളാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
തെരുവ് നായ ആക്രമണങ്ങൾ ഗുരുതരമായ വിഷയമാണെന്നും ഇതിന് ഉടന്‍ പ്രതിവിധി കാണണമെന്നും ജില്ല പഞ്ചായത്ത് യോഗത്തിൽ ആവശ്യമുയര്‍ന്നു. അറവുശാലകളില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഗുരുതര പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്. പച്ചമാംസം കഴിക്കുന്ന നായകള്‍ കൂടുതല്‍ ആക്രമണകാരികളായി മാറുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ അറവുശാലകള്‍ക്ക് സൗകര്യമുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ പ്രസിഡന്‍റ് പറഞ്ഞു.
അറവ് ശാലകളുടെ അനുമതി: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അറവ് ശാലകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ വേണ്ട നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. അതേ സമയം തെരുവ് നായ ശല്യം കൈകാര്യം ചെയ്യുന്നതിന് ജില്ല കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തെരുവ് നായ ശല്യം നേരിടുന്നതിനുള്ള എ.ബി.സി. ഷെൽട്ടർ ആരംഭിക്കാനുള്ള ഫണ്ടിനായി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി റിവിഷൻ ഉടനടി പൂർത്തിയാക്കണമെന്ന് ജില്ല കലക്‌ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. പദ്ധതി റിവിഷനായുള്ള വെബ്‌സൈറ്റ് ഇന്ന് (സെപ്‌റ്റംബര്‍ 20) മുതൽ സെപ്‌റ്റംബര്‍ 30 വരെ തുറന്ന് കൊടുക്കും.
പ്ലാൻ റിവിഷൻ സെപ്റ്റംബർ 24ന് മുമ്പ് പൂർത്തിയാക്കണമെന്നും കലക്‌ടര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്തുകൾ 3 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും നഗരസഭകൾ 5 ലക്ഷവും ഫണ്ടിലേക്ക് കൈമാറണമെന്നാണ് നിർദേശം. ജില്ല പഞ്ചായത്ത് 10 ലക്ഷത്തിൽ കുറയാത്ത തുകയും നൽകും.
വളര്‍ത്ത് നായകള്‍ക്ക് ലൈൻസൻസ് നിര്‍ബന്ധം: സെപ്റ്റംബർ 30ന് മുമ്പ് വളർത്ത് നായകൾക്ക് ലൈൻസൻസ് നിർബന്ധമായും എടുക്കണമെന്ന് ജില്ല കലക്‌ടര്‍ യോഗത്തിൽ വ്യക്തമാക്കി. വളർത്ത് നായകള്‍ക്കും പൂച്ചകൾക്കും വാക്‌സിനേഷൻ എടുക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി ഉറപ്പാക്കണം. ലൈസന്‍സ് എടുക്കുന്ന വളർത്ത് മൃഗങ്ങൾക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും കലക്‌ടര്‍ പറഞ്ഞു.
എന്നാല്‍ മൃഗക്ഷേമ വകുപ്പിന്‍റെ നിബന്ധനകള്‍ അനുസരിച്ച് എ.ബി.സി. സെന്‍റര്‍ തുടങ്ങാനുള്ള 20 സെന്‍റ് സ്ഥലം ലഭ്യമാക്കാൻ ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തില്‍ പറഞ്ഞു. കോടിമതക്കൊപ്പം പാല നഗരസഭയും വാഴൂർ ബ്ലോക്ക് പഞ്ചായത്തും ഷെൽട്ടറുകൾ തുടങ്ങാനുള്ള സന്നദ്ധ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. സ്‌കൂൾ പരിസരത്തും കുട്ടികൾ പോകുന്ന വഴിയിലുമുള്ള തെരുവ് നായകള്‍ക്ക് വാക്‌സിനേഷന് മുൻഗണന നൽകണം.
തെരുവ് നായ ആക്രമണം ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വാർഡ് തല സമിതികളിലൂടെ പൊതു ജനങ്ങള്‍ക്ക് ബോധവൽകരണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തില്‍ ആവശ്യപ്പെട്ടു.
1500 തെരുവ് നായകൾക്ക് വാക്‌സിൻ നൽകി:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൃഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയ ജില്ലയാണ് കോട്ടയം. ഇന്നലെ (സെപ്‌റ്റംബര്‍ 19) വരെ 28000 വളര്‍ത്ത് മൃഗങ്ങള്‍ക്കും 1500 തെരുവ് നായകള്‍ക്കും വാക്‌സിന്‍ നല്‍കിയെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.ഷാജി പണിക്കശേരി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരം ജില്ലയിലേക്ക് കൂടുതൽ വാക്‌സിൻ അനുവദിച്ചുവെന്നും ഡോ. ഷാജി പറഞ്ഞു.
തെരുവ് നായകൾക്ക് വാക്‌സിൻ നൽകുന്നതിനിടെ ജില്ലയിൽ 28 ഡോക്‌ടമാർക്കാണ് കടിയേറ്റത്. ജില്ലയില്‍ 2500 പശുക്കൾക്കും ആടുകൾക്കും തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 62 മൃഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ 32 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചുണ്ടെന്നും ഓഫിസർ പറഞ്ഞു. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്‍റ് ഡയറക്‌ടര്‍ ബിനു ജോൺ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
also read:കോട്ടയം പൊന്തന്‍പുഴയില്‍ തെരുവ് നായ ശല്യം; പരാതിയുമായി നാട്ടുകാര്‍