കോട്ടയം : പേപ്പട്ടി പ്രതിരോധ നടപടിയുമായി പനച്ചിക്കാട് പഞ്ചായത്ത്. തെരുവ് നായ ശല്യം വര്‍ധിച്ചയിടങ്ങളിലെ നായകളെ കണ്ടെത്തി കൂട്ടത്തോടെ പിടികൂടി. പഞ്ചായത്തിലെ കൊല്ലാട്, പുളിമൂട് കവല, കല്ലുങ്കൽ കടവ്, പാറയ്ക്കൽ കടവ്, നാൽക്കവല, കടുവാക്കുളം എന്നിവിടങ്ങളില്‍ നിന്നായി 17 തെരുവ് നായകളെയാണ് ഇന്നലെ പിടികൂടിയത്. പഞ്ചായത്തിലെ വിവിധയിടങ്ങളിലായി നിരവധി ജനങ്ങളും വളര്‍ത്ത് മൃഗങ്ങളും പേവിഷ ബാധ സ്ഥിരീകരിച്ച നായയുടെ ആക്രമണത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്തിന്‍റെ നടപടി.
തെരുവുനായ ശല്യം രൂക്ഷം ; കോട്ടയത്ത് പ്രതിരോധ നടപടി കടുപ്പിച്ചു - തെരുവ് നായ ശല്യം രൂക്ഷം
പേപ്പട്ടി പ്രതിരോധവുമായി പനച്ചിക്കാട് പഞ്ചായത്ത്. 17 തെരുവ് നായകളെ പിടികൂടി. നായകളെ കോടിമതയിലെ എബിസി സെന്‍ററിലെത്തിച്ചു. പദ്ധതിക്കായി നീക്കിവച്ചത് മൂന്ന് ലക്ഷം രൂപ. അഞ്ച് ദിവസം കൂടി തെരുവ് നായകളെ പിടികൂടുമെന്ന് പഞ്ചായത്ത്
ഡോഗ് ക്യാച്ചേഴ്‌സിന്‍റെ നേതൃത്വത്തിൽ പിടികൂടിയ നായകളെ കോടിമതയിലെ എബിസി സെന്‍ററിലേക്ക് വന്ധ്യംകരണ ശസ്ത്രക്രിയക്കയച്ചു. ജില്ല പഞ്ചായത്തിന്‍റെ എബിസി പദ്ധതിയിൽ ഉൾപ്പെട്ട പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 3 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി നീക്കിവച്ചിരിക്കുന്നത്. പഞ്ചായത്തിന്‍റെ വിവിധയിടങ്ങളില്‍ ആക്രമണമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി പ്രസിഡന്‍റ് ആനി മാമ്മന്‍ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചിരുന്നു.
തുടര്‍ന്നാണ് നായകളെ പിടികൂടാന്‍ വകുപ്പിന്‍റെ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. അടുത്ത അഞ്ച് ദിവസങ്ങളിലായി തെരുവ് നായകളെ പിടികൂടുന്നത് തുടരുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോയി മാത്യു പറഞ്ഞു.