കോട്ടയം: പാമ്പാടി ഏഴാം മൈലിൽ ഭീതി പടർത്തിയ നായ ചത്തു. പ്രദേശവാസികളായ ഏഴു പേരെ കടിച്ച നായയാണ് ചത്തത്. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച നായയുടെ ആക്രമണം ആറു മണിവരെ നീണ്ടതായി നാട്ടുകാർ ആരോപിക്കുന്നു.
ഏഴാം മൈൽ നൊങ്ങൽ ഭാഗത്ത് പതിനെട്ടിൽ വീട്ടിൽ സുമി വർഗീസിന്‍റെ മകൻ ഐറിൻ (10), രാജു കാലായിൽ (65), ഫെബിൻ (12), കൊച്ചൊഴത്തിൽ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫെബിനെ വീടിനുള്ളിൽ കടന്നാണ് നായ ആക്രമിച്ചത്. നേരത്തെ ഏഴാം മൈൽ പാറയ്‌ക്കൽ വീട്ടിൽ നിഷ സുനിൽ , കൊച്ചു പറമ്പിൽ സുമി കെ വർഗീസ് എന്നിവരെ നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.
വീട്ടമമ്മാരെ കടിച്ച് നായ:ശനിയാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് നായയുടെ ആക്രമണം ആരംഭിച്ചത്. വീട്ടുമുറ്റത്ത് നിന്ന നിഷയെ ഇവരുടെ മുറ്റത്തേക്ക് കയറി എത്തിയ നായ കടിക്കുകയായിരുന്നു. നിഷയെ നായ കടിച്ച വിവരമറിഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി എത്തിയ വാഹനത്തിൽ വന്നിറങ്ങിയതായിരുന്നു സുമി.
ഈ വാഹനത്തിൽ വന്നിറങ്ങിയശേഷം വീട്ടിലേക്ക് നടക്കുകയായിരുന്നു സുമിയെ പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. കടിയേറ്റ നായ ഉടൻ തന്നെ ഇവിടെ നിന്ന് ഓടിപ്പോയി.
പ്രദേശത്ത് കനത്ത പ്രതിഷേധം: തുടർന്ന് നായ ഫെബിനെ വീടിനുള്ളിൽ കയറി കടിച്ചു. ശേഷം, നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഓടിപ്പോയതിനാൽ നായയ്‌ക്ക് പേവിഷബാധ സംശയിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. നായയെ കണ്ടെത്തണമെന്നും ഉടൻ തന്നെ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പാമ്പാടി പഞ്ചായത്ത് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പട്ടി പിടുത്തത്തിന് ആളുകൾ ഇല്ലെന്ന മറുപടിയാണ് പഞ്ചായത്തിൽ നിന്ന് ലഭിച്ചത്.
ഇതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം തിന്നുന്ന നായ്ക്കളാണ് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. അൻപതോളം നായ്ക്കളാണ് പ്രദേശത്ത് നാട്ടുകാർക്ക് ഭീതി പടർത്തി അലഞ്ഞു നടക്കുന്നത്.