കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷം. നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ നായ്‌ക്കളുടെ കടിയേറ്റത്. വെള്ളൂരിലും വടവാതൂരിലും കളത്തി പടിയിലുമായി നാല് പേർക്ക് തെരുവു നായയുടെ കടിയേറ്റു.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷം തിങ്കളാഴ്ച്ച കറുകച്ചാലിൽ കടയിൽ പോകുന്ന വഴി മുത്തശ്ശിക്കും ചെറുമകൾക്കും നായയുടെ കടിയേറ്റിരുന്നു. വെള്ളൂരിൽ രണ്ട് സ്ത്രീകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. ചമ്പക്കര സ്വദേശിനിയായ മണിയമ്മ, ചെറുമകൾ കല്യാണി എന്നിവരെയാണ് നായ ആക്രമിച്ചത്. കാലിനും കൈയ്ക്കും കടിയേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നായക്ക് പേബാധിച്ചു വെന്ന് സംശയമുണ്ട്.
വടവാതൂർ കടത്തിനു സമീപം മീൻ പിടിക്കാൻ എത്തിയ രണ്ടു പേർക്കു നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. വടവാതൂർ കുറ്റിക്കാട്ട് വീട്ടിൽ സന്തോഷിനെയും മറ്റൊരാളെയുമാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റ രണ്ടു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
കളത്തിപ്പടിയിലും നായയുടെ ആക്രമണമുണ്ടായി. പ്രദേശത്ത് നായ്ക്കളുടെ ശല്യം രൂക്ഷമായതിനാൽ വീടിന് പുറത്തേക്ക് ഇറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികളെ സ്‌കൂളിലേക്കും മറ്റും അയക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു. എന്നാൽ തെരുവു നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാനാകാതെ ബുദ്ധിമുട്ടിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ.