കോട്ടയം:വൈക്കത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വൈക്കം ചെമ്പ് പോസ്‌റ്റ് ഓഫിസിനു സമീപം 12, 13 വാർഡിലാണ് ശനിയാഴ്‌ച വൈകുന്നേരം നാലോടെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ചെമ്പ് സ്വദേശികളായ ഗീതാലയം ഗിരീഷ്, വെള്ളാശേരി ഗോപി, വടക്കേടത്ത് വിശ്വൻ, ബ്ലാത്തിത്തറ സൗദാമിനി, അനന്തു എന്നിവരടക്കം ആറുപേർക്ക് കടിയേറ്റു.
വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കുറുപ്പൻ വീട്ടിൽ നവാസിനെ തെരുവുനായ ആക്രമിച്ചെങ്കിലും കടിയേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പേ വിഷബാധ സംശയിക്കുന്ന നായയെ പിന്നീട് രാത്രി വേമ്പനാട്ട് കായലോരത്ത് ചത്ത നിലയിൽ കണ്ടെത്തി. അക്രമാസക്തനായി പരക്കം പാഞ്ഞ നായ വഴിയോരത്തു കണ്ട മറ്റ് തെരുവുനായ്ക്കളേയും കടിച്ചതോടെ ജനം പരിഭാന്ത്രിയിലാണ്.