കോട്ടയം:രണ്ടു സ്ഥലങ്ങളിൽ നിന്നായി തെരുവ് നായയുടെ കടിയേറ്റ് 9 പേർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. അമയന്നൂരിലും നട്ടാശ്ശേരിയിലുമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. അമയന്നൂരിൽ ഗവ. ഹൈസ്‌കൂളിലെയും എംജിഎം എൻഎസ്എസ് ഹൈസ്‌കൂളിലെയും വിദ്യാർഥികൾക്കാണ് കടിയേറ്റത്.
വിദ്യാർഥികളായ ആദിത്യൻ (10), അഭിരാമി (13), അമയ (10), അമൃത (13) എന്നീ വിദ്യാർഥികൾക്കാണ് കടിയേറ്റത്. സ്‌കൂളിലേയ്ക്ക് പോകുന്നതിനായി റോഡിലേയ്ക്ക് വരുമ്പോഴാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാകുന്നത്. വിദ്യാർഥികളുടെ കൈക്കും കാലിനും കടിയേറ്റു. ഉടൻ തന്നെ പാമ്പാടി ഗവ. ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ തേടി.
നട്ടാശ്ശേരിയിൽ തെരുവ് നായയുടെ കടിയേറ്റ് അഞ്ചു പേരാണ് ചികിത്സ തേടിയെത്തിയത്. പാറമ്പുഴ മൈലാടുംപാറ സൂസൻ അനിയൻ (58), ഇതര സംസ്ഥാനക്കാരനും നട്ടാശേരിയിലെ താമസക്കാരനുമായ അഷ്ബുൾ (27), നട്ടാശ്ശേരി സ്വദേശികളായ ജനാർദ്ദനൻ (65), ഗോപാലകൃഷ്‌ണൻ നായർ (68), സോമശേഖരൻ (70) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ തെരുവ് നായ ആക്രമിച്ചതും രാവിലെയായിരുന്നു.
രണ്ട് മണിക്കൂറോളം തെരുവ് നായ പ്രദേശത്തെ ഭീതിയിലാഴ്‌ത്തി. പിന്നീട് നായയെ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. തെരുവ് നായയുടെ കടിയേറ്റ എല്ലാവരുടേയും ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
Also read:മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; തലക്കും ശരീരത്തിനും ഗുരുതര പരിക്ക്