കോട്ടയം: തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടി. ജെഎന്‍ ഫിഷറീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.
കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്‌ത് കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതാണ് അടിയന്തര പരിശോധനക്ക് കാരണം. വ്യാഴാഴ്‌ച (15.06.2023) ഉച്ചകഴിഞ്ഞ് ഫുഡ് സേഫ്റ്റി ഓഫിസർ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീസ് ഓഫിസർ പ്രേമോദാസ്, ഹെൽത്ത് ഇൻസ്പെക്‌ടർ കാളിദാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. കട ഉടമയുടെ പേരിൽ ഫുഡ് സേഫ്റ്റി കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചു.
നേരത്തെ ജൂണ്‍ രണ്ടിന് നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ മത്സ്യം പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. നെടുമങ്ങാട് നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പഴകിയ മത്സ്യം കണ്ടെത്തിയത്. പിന്നാലെ മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയ 15 കണ്ടെയ്‌നറുകളും അവയിലെ ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും പഴകിയ മത്സ്യമെത്തിച്ച് വില്‍പ്പന നടക്കുന്നുണ്ടെന്ന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഘം പരിശോധനയ്‌ക്ക് എത്തിയത്. പിടിച്ചെടുത്ത മത്സ്യം ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മൊബൈൽ ലാബില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് പഴകിയതാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.