കോട്ടയം: യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി ശ്രീജിത്ത് (28) നാട്ടിലെത്തി. മാലിയിൽ കപ്പലിൽ ജോലി ചെയ്‌തിരുന്ന ശ്രീജിത്ത് ഒരു വർഷം മുൻപാണു യെമനിലേക്കു ജോലിക്കു പോയത്. ചെങ്കടൽ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്ന് ജനുവരി 4 നാണു 16 ജീവനക്കാരുമായി യുഎഇ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തത്.
യെമനിൽ ഹൂതി വിമതരുടെ പിടിയിലായ കോട്ടയം സ്വദേശി നാട്ടിലെത്തി വിമതരുടെ പിടിയിലായി ആദ്യ കുറച്ചു നാൾ ശ്രീജിത്തിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ജനുവരി 16 നാണ് വീട്ടിലേക്കു വിളിച്ചത്. തുടർന്നുള്ള മാസങ്ങളിൽ ഫോൺ ലഭിക്കുന്നതിനനുസരിച്ചു വിളിച്ചിരുന്നു. കപ്പലിലുണ്ടായിരുന്നവരെ ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ജനുവരി 20ന് യെമൻ സൈന്യം മോചിപ്പിച്ച് യെമനിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് ശ്രീജിത്ത് ഉൾപ്പെട്ട സംഘം ഡൽഹിയിലെത്തിയത്. സംഘത്തിലുണ്ടായിരുന്ന മലയാളികളായ കോഴിക്കോട് മേപ്പയൂർ വിളയാട്ടൂർ സ്വദേശി ദിപാഷ് (36), ആലപ്പുഴ ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (25) എന്നിവർക്കൊപ്പമാണ് ശ്രീജിത്തും നാട്ടിലേക്കു മടങ്ങിയത്. യെമനിൽ നിന്നും സൗദി വഴിയാണ് നാട്ടിലേക്കു വന്നത്.
വീടില്ല, പിന്നാലെ വായ്‌പ തിരിച്ചവും: രക്ഷപ്പെട്ടു നാട്ടിലെത്തുമ്പോഴും ശ്രീജിത്തിനെ കാത്തിരിക്കുന്നത് വായ്‌പയുടെ തിരിച്ചടവും വീടില്ലാത്തതിന്റെ പ്രശ്‌നങ്ങളുമാണ്. വർഷങ്ങൾക്കു മുൻപ് ശ്രീജിത്തിന് അച്ഛനെ നഷ്‌ടപ്പെട്ടു. സഹോദരിയുടെ വീട്ടിലാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. ശ്രീജിത്തിന്‍റെ പഠത്തിനായി എടുത്ത വായ്പയുടെ തിരിച്ചടവ് ഇനിയും ബാക്കിയുണ്ടെന്നും അമ്മ തുളസി പറഞ്ഞു.