മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നോക്ക വികസന ക്ഷേമ കോർപ്പറേഷൻ വഴി ലഭിച്ചു വന്നിരുന്ന സ്കോളർഷിപ്പ് വൈകിപ്പിക്കുന്നതിനെതിരെയാണ് എൻഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ആനുകൂല്യം സർക്കാർ നിഷ്കരുണം നിഷേധിച്ചിരിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചു.
വർഷങ്ങളായി മുടങ്ങാതെ നൽകിവന്നിരുന്ന സ്കോളർഷിപ്പുകളാണ് സർക്കാർ ഇക്കൊല്ലം നിരസിക്കുന്നത്. ഇത്തവണ 17 കോടി രൂപ സ്കോളര്‍ഷിപ്പിനായി ബഡ്ജറ്റിൽ വകയിരുത്തി, എന്നാൽ പ്രളയം മൂലം 20 ശതമാനം വെട്ടിക്കുറച്ചാണ് ഈ വർഷം സ്കോളര്‍ഷിപ്പ് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. തുക കുറഞ്ഞതിനാല്‍ ഹൈസ്കൂൾ വിദ്യാർഥികളെ ഒഴിവാക്കി. മുന്നോക്ക വികസന കോർപ്പറേഷന്‍റെ ഈ നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. ഹയർസെക്കണ്ടറി, ഡിഗ്രി പ്രൊഫഷണൽ, നോൺ പ്രൊഫഷണൽ, പി ജി പ്രൊഫഷണൽ, പ്രൊഫഷണൽ ഐടിഐ, ഡിപ്ലോമ, എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്നുമാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 31ന് മുമ്പ് സ്കോളർഷിപ്പ് നൽകാനുള്ള നടപടി സർക്കാർ കൈക്കൊള്ളണമെന്നും ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.