കോട്ടയം:മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്‍റെ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്ത സമ്മർദ്ദവും സാധാരണ നിലയിലായി. തലച്ചോറിൻ്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.
വാവ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് തിരുവനന്തപുരത്ത് അറിയിച്ചു. മന്ത്രി വി.എൻ വാസവൻ സുരേഷിനെ ആദ്യം പ്രവേശിപ്പിച്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തുകയും അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ മുൻകൈയെടുക്കുകയും ചെയ്‌തു.
പാമ്പു കടിയേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലാണ് സുരേഷിനെ കോട്ടയം ടൗണിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു വന്നത്. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടർന്നത് ആശങ്ക ഉണർത്തി. തുടർന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
കുറിച്ചി കരുനാട്ടുകവലയിലെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ സുരേഷിന്‍റെ വലതുകാലിലാണ് പാമ്പ് കടിച്ചത്. കടിയേറ്റ ശേഷം പാമ്പിന്‍റെ വാലിൽ നിന്നു പിടി വിട്ടുവെങ്കിലും കരിങ്കൽ കൂട്ടത്തിൽ ഒളിച്ച പാമ്പിനെ വീണ്ടും പിടിച്ചു വലിയ കുപ്പിയിലേക്ക് മാറ്റി. അതിനു ശേഷം സ്വയം പ്രഥമ ശുശ്രൂഷ ചെയ്‌തു. ഉടൻ തന്നെ കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Also Read: വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു; തീവ്രപരിചരണ വിഭാഗത്തില്‍