കോട്ടയം :പ്രകൃതി സൗഹൃദ വ്യവസായത്തിലൂടെ തിളക്കമാര്‍ന്ന വിജയം കൊയ്‌ത കഥയാണ് ഷൈബി മാത്യുവെന്ന മുന്‍ നഴ്‌സിന് പറയാനുള്ളത്. കവുങ്ങിന്‍ പാളകൊണ്ട് പാത്രങ്ങൾ, കപ്പുകൾ, സ്‌പൂണുകള്‍, സോപ്പുപെട്ടി എന്നിവയാണ് കോട്ടയം മീനടം സ്വദേശിനി തന്‍റെ വീടിനോടുചേര്‍ന്നുള്ള യൂണിറ്റില്‍ നിര്‍മിക്കുന്നത്. വിദേശത്ത് മെക്കാനിക്കൽ മെയിന്‍റനൻസിൽ പ്രവര്‍ത്തിച്ചിരുന്ന ഭർത്താവ് കുര്യാക്കോസ് മാത്യുവാണ് ഇതിനായുള്ള മെഷീൻ നിർമിച്ച് ഷൈബിയ്‌ക്ക് ശക്തമായ പിന്തുണ നല്‍കിയത്.
പ്രചോദനം പ്ലാസ്‌റ്റിക് നിരോധനം :സൗദിയിൽ നഴ്‌സായിരുന്ന ഷൈബി 2015ലാണ് പാളകൊണ്ട് പാത്രങ്ങൾ നിർമിക്കുന്ന യൂണിറ്റിലേക്ക് ചുവടുവച്ചത്. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവ് കുര്യാക്കോസുമായി ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്‌തപ്പോഴാണ് ഇങ്ങനെയൊരു ആശയം കത്തിയത്. പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതുകൂടി കണക്കിലെടുത്താണ് പാളപ്പാത്ര നിര്‍മാണത്തിലേക്ക് ഷൈബി കടന്നത്.
പാളപ്പാത്രങ്ങളിലൂടെ വിജയം തീര്‍ത്ത് കോട്ടയം സ്വദേശിനി ഷൈബി മാത്യു മെഷീനിന്‍റെ ഉള്ളിൽ പാളവച്ച് പ്രസ് ചെയ്‌ത്, ആവശ്യമായ ചൂട് നൽകിയാണ് വേണ്ട ആകൃതിയിൽ കട്ട് ചെയ്‌തെടുക്കുന്നത്. എട്ട്, 10 ഇഞ്ചുള്ള സ്ക്വയർ, റൗണ്ട് പ്ലേറ്റുകൾ, കപ്പുകൾ, ബൗളുകൾ വിവിധ വലിപ്പത്തിലുള്ള പാത്രങ്ങള്‍, അടപ്പുകള്‍, സോപ്പുപെട്ടി തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് ഷൈബിയുടെ യൂണിറ്റില്‍ നിർമിക്കുന്നത്. ഒരു മിനിട്ടുകൊണ്ട് നാലുമെഷീനില്‍ നിന്നും 40 പാത്രങ്ങള്‍ വരെയാണ് ഉത്‌പാദിപ്പിക്കുന്നത്. പാലക്കാട്, മലപ്പുറം ഭാഗത്തുനിന്നാണ് കവുങ്ങിന്‍ പാളകൾ കൊണ്ടുവരുന്നത്.
കയറ്റുമതിയില്‍ വീണ്ടും നേട്ടം കൊയ്യാന്‍ ഷൈബി:ന്യൂയോർക്ക്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വരെ ഷൈബിയുടെ പാത്രങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കൊവിഡിന് മുന്‍പ് മാസം മൂന്നര ലക്ഷംവരെ ഈ യുവസംരംഭക വരുമാനമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ 50,000 രൂപയാണ് മാസവരുമാനമായി ലഭിക്കുന്നത്. ജനുവരി മുതല്‍ കയറ്റുമതി പുനരാരംഭിച്ച് പാളപ്പാത്ര കച്ചവടം വീണ്ടും വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഷൈബി.