കോട്ടയം: ആനവണ്ടികള്‍ മുതല്‍ വലിയ ടൂറിസ്റ്റ് ബസുകളുടെ വരെ മനോഹരമായ മിനിയേച്ചര്‍ മോഡലുകള്‍ നിര്‍മിച്ച് താരമായി ഈരാറ്റുപേട്ട കളത്തൂക്കടവില്‍ ശ്യാംകുമാര്‍. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ യാത്രക്ക് തയാറായി നില്‍ക്കുന്ന ബസുകള്‍ പോലെ തോന്നിക്കും.
ആനവണ്ടികള്‍ മുതല്‍ സ്വകാര്യ ബസുകള്‍ വരെ; മിനിയേച്ചര്‍ മോഡല്‍ നിര്‍മാണത്തില്‍ താരമായി ശ്യാം വാഹനങ്ങളുടെ അളവെടുത്ത് ഓരോ ഭാഗവും കൃത്യമായി സ്‌കെയില്‍ ചെയ്‌ത് ഫോറെക്‌സ് ഷീറ്റില്‍ അളന്നുമുറിച്ചാണ് ശ്യാം ഓരോ മോഡലും നിര്‍മിക്കുന്നത്. നവമാധ്യമങ്ങളില്‍ വാഹനമോഡലുകള്‍ നിര്‍മിക്കുന്നവരെ കുറിച്ചുള്ള പോസ്റ്റുകളാണ് ശ്യാമിന് ഈ രംഗത്തേക്ക് വരാന്‍ പ്രചോദനമായത്. ടൈല്‍സ് ജോലിക്കാരനായ ശ്യാം രാത്രികാലങ്ങളിലാണ് വാഹനനിര്‍മാണത്തിന് സമയം കണ്ടെത്തുന്നത്. ഓരോ മോഡല്‍ നിര്‍മിക്കുന്നതിനും 4000 രൂപയോളം ചെലവ് വരുമെന്നാണ് ശ്യാം പറയുന്നത്.
ഈരാറ്റുപേട്ട ഡിപ്പോയില്‍ പ്രസിദ്ധമായ ചങ്ക് ബസ്, ഡ്യൂലക്‌സ് ബസ്, സ്വകാര്യ ബസ്, വില്ലീസ് ജീപ്പ്, ടൂറിസ്റ്റ് ബസ് എന്നിവകളുടെ ഏഴോളം മോഡലുകള്‍ ഇപ്പോള്‍ ശ്യാമിന്‍റെ ശേഖരത്തിലുണ്ട്. മികച്ച വില ലഭിച്ചാല്‍ മോഡലുകള്‍ വില്‍ക്കാനും ശ്യാംകുമാര്‍ തയാറാണ്.
മിനിയേച്ചര്‍ മോഡല്‍ നിര്‍മിക്കുന്നതിനായി കിലോമീറ്ററുകളോളം സഞ്ചരിച്ച കഥയും പറയാനുണ്ട് ശ്യാമിന്. ചരക്കുലോറിയുടെ ചെറു മാതൃക ഉണ്ടാക്കുന്നതിനായി തന്‍റെ സ്വദേശമായ ഈരാറ്റുപേട്ടയില്‍ നിന്നും 70 കിലോമീറ്ററുകള്‍ക്കപ്പുറം കൊടിമതയിലെ ചന്തയിലെത്തിയാണ് അളവെടുത്തത്. തന്‍റെ പ്രദേശത്തിലൂടെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മാതൃകകളും ശ്യാമിന്‍റെ കരവിരുതില്‍ ഏറെ കൗതുകമുണര്‍ത്തുന്നു.
ശ്യാമിന്‍റെ കൃത്യതയാര്‍ന്ന മോഡല്‍ നിര്‍മാണത്തിന് നിരവധി സംഘടനകളുടെ അനുമോദനവും ലഭിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി, പാലാ എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ മിനിയേച്ചര്‍ മോഡലുകളുടെ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്. എല്ലാ വിധ പിന്തുണയുമായി ശ്യാമിന്‍റെ കുടുംബവും ഒപ്പമുണ്ട്. അമ്മ, സഹോദരന്‍, ഭാര്യ ഉപമ, മകന്‍ സാരംഗ് എന്നിവരടങ്ങുന്നതാണ് ശ്യാമിന്‍റെ കുടുംബം.