കോട്ടയം:കോട്ടയത്ത് ഗുണ്ട സംഘം കൊലപ്പെടുത്തിയഷാൻ വധക്കേസിലെ പ്രതി ജോമോൻ സി.പി.എം പ്രവർത്തകനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാനിന്‍റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോമോന് ഇളവ് നൽകിയതിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ട് എന്ന് സതീശൻ പറഞ്ഞു.
പൊലീസ് റിപ്പോർട്ട് ഇല്ലാതെയാണോ ജോമോന് ഇളവ് കൊടുത്തത് എന്ന് അന്വേഷിക്കണം. സി.പി.എമ്മിന്റെ അനധികൃത ഇടപെടൽ പൊലീസിനെ നിർവീര്യമാക്കുന്നു. മുഖ്യമന്ത്രി എല്ലാം ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നു.
എല്ലാ ദിവസവും ഇങ്ങനെ ഒറ്റപ്പെട്ട സംഭവം ഉണ്ടാകുന്നു. ലഹരി മരുന്നിന്റെ കേന്ദ്രമായി കേരളം മാറുന്നു. കേരളം നാഥനില്ല കളരിയായി മാറി. കാപ്പ ഇളവുകളിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടാകുന്നതായും വിഡി സതീശൻ ആരോപിച്ചു.