കോട്ടയം: നെൽ വിത്ത് കിട്ടാത്തത് മൂലം പ്രതിസന്ധിയിലായി പുഞ്ച കൃഷിക്ക് നിലമൊരുക്കിയ കർഷകർ. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ നിലമൊരുക്കി കർഷകർ വിത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ സാഹചര്യത്തിൽ കൃഷി വകുപ്പ് നെൽ വിത്ത് അടിയന്തരമായി എത്തിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പുഞ്ച കൃഷിക്ക് നിലമൊരുക്കിയ കര്‍ഷകര്‍ പ്രതിസന്ധിയില്‍ വിത്ത് ലഭിക്കാത്തതിനാല്‍ സ്വകാര്യ മേഖലയിൽ നിന്ന് അമിത വിലയ്ക്ക് കർഷകർ വിത്ത് വാങ്ങേണ്ടി വരും. ഇങ്ങനെ വന്നാല്‍ കൃഷി വകുപ്പിന്‍റെ സബ്‌സിഡിയും ലഭിക്കില്ല. കൃഷിയ്ക്കായുള്ള സഹായങ്ങൾ കൂടുതൽ നൽകണമെന്ന ആവശ്യവും കർഷകർ ഉയര്‍ത്തുന്നുണ്ട്.
കൃഷി വകുപ്പിൽ നെൽ വിത്തിന് കിലോയ്ക്ക് 39 രൂപയാണ് വില. സബ്‌സിഡി കഴിച്ച് 19 രൂപ 50 പൈസ നിരക്കില്‍ കർഷകർക്ക് വിത്ത് ലഭിച്ചിരുന്നു. നാഷണൽ സീഡ്‌സ് കോർപറേഷൻ, സഹകരണ ബാങ്ക് വഴിയും പാടശേഖര സമിതി വഴിയുമാണ് കർഷകർക്ക് നെൽ വിത്തുകള്‍ വിതരണം ചെയ്‌തിരുന്നത്.
ബാങ്കുകൾ വിത്തിനുള്ള പണം കോർപറേഷനിൽ അടക്കുകയാണ് പതിവ്. നവംബർ 10 ന് മുമ്പ് കർഷകർക്ക് വിത്ത് വിതരണം ചെയ്യണം എന്നിരിക്കെയാണ് വിത്തില്ല എന്ന കാര്യം കോർപറേഷൻ അറിയിച്ചിരിക്കുന്നത്. വിത്ത് ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ കർഷകർക്ക് സമയത്ത് കൃഷിയിറക്കാനാകില്ല.
നിലമൊരുക്കാൻ മുടക്കിയ പണവും നഷ്‌ടമാകും. ഈ സാഹചര്യത്തിൽ നെൽ വിത്തുകൾ അടിയന്തരമായി നൽകാൻ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.