കോട്ടയം: അന്യസംസ്ഥാനങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഖിലേന്ത്യ സ്‌കോളർഷിപ്പ് തടഞ്ഞ് വച്ചിരിക്കുന്നു എന്ന ആരോപണവുമായി വിദ്യാർഥികൾ. 2017 മുതൽ 2019 വരെയുള്ള അധ്യയന വർഷങ്ങളിൽ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പ് 2019 - 2020 അധ്യയന വർഷത്തിൽ ലഭിച്ചിട്ടില്ല. സ്കോളർഷിപ്പ് സംബന്ധിച്ച് 2018ൽ കേന്ദ്ര സർക്കാർ പുതിയ മാർഗ നിർദേശം പുറത്തിറക്കിയിരുന്നു. സ്പോട്ട് അഡ്മിഷനിലോ, മാനേജ്മെന്‍റ് ക്വാട്ടയിലോ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നല്‍കേണ്ടെന്നായിരുന്നു മാർഗ നിർദേശം. മനേജ്മെന്‍റ് ക്വാട്ടയിൽ അഡ്മിഷൻ നേടിയ പട്ടിക ജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ കൂടുതല്‍ വ്യക്തത ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ല പട്ടിക ജാതി വികസന ഓഫീസർ ഒഡിറ്റ് റിപ്പോർട്ട് പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടിയാണ് സ്കോളർഷിപ്പ് തുക തടഞ്ഞുവച്ചിരിക്കുന്നത്.
സ്കോളർഷിപ്പ് തുക തടഞ്ഞുവച്ചു; പ്രതിഷേധവുമായി പട്ടികജാതി വിദ്യാർഥികൾ - sc students story
പട്ടികജാതി വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഖിലേന്ത്യ സ്‌കോളർഷിപ്പ് തടഞ്ഞ് വച്ചെന്നാണ് ആരോപണം. ഇതിന് എതിരെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു.
2019 മെയ് 7ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ യോഗ്യതയുള്ള എല്ലാ വിദ്യാർഥികൾക്കും പ്രവേശന മാനദണ്ഡം നോക്കാതെ സ്കോളർഷിപ്പ് അനുവദിക്കാമെന്ന ഉത്തരവ് നിലനിൽക്കെയാണ് ഇത്തരത്തിലൊരു നടപടിയെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. 75000 രൂപയോളം കിട്ടിയിരുന്ന സ്കോളർഷിപ്പിന്‍റെ പിൻബലത്തിൽ പഠനം മുന്നോട്ട് കൊണ്ടു പോയിരുന്ന വിദ്യാർഥികൾ സ്കോളർഷിപ്പ് ലഭിക്കാതായതോടെ ദുരിതത്തിലാണ്. ഫീസ് അടക്കാനാവതെ നിലവിൽ കോളജിൽ നിന്നും പുറത്താക്കൽ ഭീഷണിയുണ്ടന്നും, പഠനം മുടങ്ങിയാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗങ്ങളില്ലന്നും വിദ്യാർഥികൾ പറയുന്നു. സ്കോളർഷിപ്പ് നൽകാൻ വിസമ്മതിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി ജൂലായ് മാസം ആറാം തീയതിക്ക് മുൻപായി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. നിയമ പോരട്ടത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.