കോട്ടയം ആശുപത്രിയിലെ അമ്മ തൊട്ടിലില്‍ സുരക്ഷ വീഴ്‌ച കോട്ടയം: സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിൽ (Ammathottil at Kottayam District General Hospital). അമ്മ തൊട്ടിലിന്‍റെ സെൻസർ പ്രവർത്തന രഹിതമായിട്ട് ഒന്നരവർഷം ആകുന്നു (Safety has fallen in Ammathottil). ശനിയാഴ്ച്ച അമ്മ തൊട്ടിലിൽ പെൺ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമ്മ തൊട്ടിലിൽ കുട്ടികൾ എത്തിയാൽ ഉടൻ അറിയുന്ന സംവിധാനമില്ല എന്നത് വീഴ്‌ചയായി.
അമ്മ തൊട്ടിലിന് അരികിൽ എത്തുമ്പോൾ സെൻസർ സംവിധാനത്തിൽ വാതിൽ തുറക്കപ്പെടും ഒപ്പം ഒരു മുന്നറിയിപ്പു സന്ദേശവും തെളിയും. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനു മുമ്പ് ഒരിക്കൽ കൂടി ചിന്തിക്കാനുള്ള അവസരമാണ് ഈ സന്ദേശത്തിലൂടെ നൽകുന്നത്. എന്നിട്ടും ഉപേക്ഷിച്ചു പോയാൽ ഉടൻ കുഞ്ഞിന്‍റെ തൂക്കം അടക്കമുള്ള വിവരങ്ങളും ഫോട്ടോയും ശിശുക്ഷേമ സമതി അധ്യക്ഷനോ അല്ലെങ്കിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവർക്കോ സന്ദേശമായി എത്തും.
ഉപേക്ഷിക്കപ്പെട്ട് രണ്ടു മിനുട്ടിനുള്ളിൽ കുഞ്ഞിനെ എടുക്കാൻ അതിന് നിയോഗിക്കപ്പെട്ടവർ എത്തി എന്ന് ഉറപ്പു വരുത്തുംവിധമാണ് സംവിധാനങ്ങൾ ഒരുക്കിയിരുന്നത് എന്നാൽ കോട്ടയത്തെ അമ്മത്തൊട്ടിലിൽ ഈ ചൂരൽ തൊട്ടിയിൽ കുട്ടിയെ കിടത്തിയിട്ട് പോകുകയേ നിവൃത്തിയുള്ളൂ. യാതൊരു സുരക്ഷാ മുൻകരുതലുകളോ, സെൻസർ സംവിധാനങ്ങളും ഒന്നുമില്ലാതെയാണ് കഴിഞ്ഞ ഒന്നരവർഷമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ഈ അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നത്.
സംസ്ഥാന ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിൽ പ്രവർത്തിക്കുന്നതിന്‍റെ ഉത്തരവാദിത്വം എന്നിരിക്കെ ആശുപത്രി അധികൃതർ ഇത് പലവട്ടം സിഡബ്ല്യുസി അധികൃതരെ അടക്കം അറിയിച്ചിട്ടുള്ളതാണ്. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ജില്ലാ ജനറൽ ആശുപത്രി വികസന സമിതി അംഗം പികെ ആനന്ദകുട്ടൻ ചൂണ്ടിക്കാട്ടുന്നു. പൊതു ഇടങ്ങളിൽ നിന്ന് മാറി ആൾ തിരക്കില്ലാത്ത സ്ഥലത്ത് അമ്മത്തൊട്ടിൽ സ്ഥാപിക്കണമെന്നാണ് നിലവിലുള്ള നിർദ്ദേശം.
എന്നാൽ തിരക്കേറിയ ജില്ലാ ആശുപത്രി വളപ്പിലാണ് ഈ അമ്മത്തൊട്ടിൽ സ്ഥാപിച്ചിരിക്കുന്നത് എന്നത് തന്നെ കുട്ടിയെ ഉപേക്ഷിക്കാൻ എത്തുന്നവർക്ക് പ്രതിസന്ധി ഉണ്ടാകും. ഇനി ആൾ തിരക്കില്ലാത്ത സമയത്ത് എത്തിയാൽ പോലും കുട്ടിയെ നിക്ഷേപിച്ച വിവരം അധികൃതർ എപ്പോൾ അറിയുമെന്നതിനും നിശ്ചയമില്ല. ശനിയാഴ്ച്ചയും രണ്ട് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് അമ്മ തൊട്ടിലിന്‍റെ നവീകരണം ഉടൻ നടപ്പിലാക്കണമെന്നുള്ള ആവശ്യവും ശക്തമായിരിക്കുന്നത്.