കോട്ടയം: ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ല പൊലീസിന് ദേവസ്വം ബോര്‍ഡിന്‍റെ അംഗീകാരം. സുഗമവും സുരക്ഷിതവുമായ രീതിയില്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കിയതിനാണ് അംഗീകാരം ലഭിച്ചത്. ഇന്നലെ പമ്പയില്‍ വച്ചുനടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനാണ് ജില്ല പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിന് പുരസ്‌കാരം കൈമാറിയത്.
മണ്ഡല മകരവിളക്ക് ഉത്സവത്തിന് നട തുറക്കുന്നതിന് മുന്‍പ് തന്നെ ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ശബരിമലയില്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടിരുന്നു. എങ്കിലും ഭക്തജനങ്ങള്‍ക്ക് സുഗമമായ രീതിയില്‍ ദര്‍ശനം നടത്തി മടങ്ങാനുള്ള സാഹചര്യം പൊലീസ് ഒരുക്കുകയായിരുന്നു. അയ്യപ്പ ഭക്തര്‍ കാല്‍നടയായി പോകുന്ന വഴികളായ അഴുത, കാളകെട്ടി, കോയിക്കക്കാവ് മുതലായ ഇടങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
കൂടാതെ ഇടത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. കാല്‍നടയായി എത്തുന്ന അയ്യപ്പഭക്തര്‍ക്കായി പാതകളില്‍ റിഫ്ലക്‌റ്റിങ് സ്റ്റിക്കര്‍ സംവിധാനം ഒരുക്കി. ഭക്തരുമായെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവത്‌കരണ ക്ലാസും നല്‍കി.