ഗ്രാമീണമേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മാണി സി കാപ്പന്‍ - maani c kappan
കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദി പ്രസ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം: പാലയുടെ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍ എ. കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദി പ്രസ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായുടെ മലയോരമേഖലകളില്‍ പ്രകൃതി സംരക്ഷണം നിലനിര്‍ത്തികൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. മണ്ഡലത്തിലെ കൊഴുവനാല്‍, തലപ്പലം, തലനാട് മേഖലകളില്‍ വികസനം എത്തിയിട്ടില്ലെന്നും മലയോരമേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കുടിവെള്ള പദ്ധതികള്‍ ആസുത്രണം ചെയ്യുകയും മിനി ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും ചെയ്യുമെന്നും അദ്ദേഹം മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.
കൂടാതെ മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളില്‍ ടൂറിസം വികസന സാധ്യത മുന്‍ നിര്‍ത്തി സിനിമ സ്റ്റുഡിയോ നിര്‍മിക്കും. കടനാട് പഞ്ചായത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ ഷട്ടില്‍ കോര്‍ട്ടുകളും പാലായില്‍ സ്‌പോര്‍ട്‌സ് അക്കാദമിയും നിര്‍മിക്കാന്‍ പദ്ധതിയുണ്ട് അദ്ദേഹം പറഞ്ഞു. ബൈപാസ് റോഡ് നിര്‍മാണം പൂര്‍ണമാക്കി അപാകതകള്‍ പരിഹരിക്കും. പാലാ ഗവ. ഹോസ്പിറ്റലിന്റെ നവീകരണം മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തീകരിക്കും. മണ്ഡലത്തിലെ പാലങ്ങള്‍ മൂന്നരക്കോടി രൂപ മുടക്കി നവീകരിക്കും, നഗരത്തില്‍ ശുചിമുറികള്‍ നിര്‍മിക്കും ,മീനച്ചില്‍ പഞ്ചായത്തില്‍ 250 ഏക്കറില്‍ മൂവായിരംകോടിയുടെ സിയാന്‍ മോഡല്‍ റബര്‍ ഫാക്‌ടറി സ്ഥാപിക്കുമെന്നും തുടങ്ങി നിരവധി വികസന ലക്ഷ്യങ്ങളാണ് അദ്ദേഹം പരിപാടിയില്‍ പങ്കുവെച്ചത്. പാലാ കെ.എസ്.ആര്‍.ടി.സി സ്‌റ്റാന്‍റിന്‍റെ നവീകരണത്തിന് എം.എല്‍.എ ഫണ്ടില്‍നിന്നും ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇരുപത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.