കോട്ടയം:ശശി തരൂരിന്‍റെ യൂത്ത് കോൺഗ്രസ് പരിപാടിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. പാർട്ടിയോട് ആലോചിക്കാതെയാണ് യൂത്ത് കോൺഗ്രസ് പരിപാടി നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് അനുവദിക്കാൻ ആകില്ല.
പാര്‍ട്ടിയോട് ആലോചിക്കാതെയാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടി നടത്തുന്നത്, തരൂര്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ നാട്ടകം സുരേഷ് പാർട്ടി മേൽഘടകത്തെ കോട്ടയത്തെ സംഭവങ്ങൾ അറിയിക്കും. കോൺഗ്രസുമായി കൂടിയാലോചന നടത്തി തന്നെയാണ് യൂത്ത് കോൺഗ്രസ് പരിപാടികൾ നടത്താറുള്ളത്. വിഭാഗീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ല എന്ന് കെപിസിസി പ്രസിഡന്‍റ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നും സുരേഷ് പറഞ്ഞു.
അതേസമയം ശശി തരൂരിന്‍റെ സമ്മേളനത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്‍റ് ചിന്ദു കുര്യന്‍ ജോയി പ്രസ്‌താവനയിറക്കി. യൂത്ത് കോൺഗ്രസിലെ ബന്ധപ്പെട്ടവര്‍ യോഗം ചേര്‍ന്ന് ആലോചിച്ചാണ് പരിപാടി തീരുമാനിച്ചത്. യൂത്ത് കോൺഗ്രസിൽ മാത്രം ആണ് കൂടിയാലോചനകൾ ഉണ്ടായത്.
മറ്റൊരു തരത്തിലുള്ള വിവാദത്തിനും പ്രസക്തിയില്ല. ജില്ലയിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കണമെന്നുമാണ് പ്രസ്‌താവന. കോട്ടയത്തെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ഇതോടെ വെളിവായത്.