കോട്ടയം: ശബരിമല മണ്ഡലകാല മഹോത്സവമായതിനാൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതി ആവിഷ്‌കരിച്ച് കോട്ടയം ജില്ല പൊലീസ്. ഇതിനായി റോഡിലൂടെയും കാനനപാതയിലൂടെയും മറ്റും കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്കായി നിശ്ചിത സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ റിഫ്ലക്റ്റിംഗ് സ്‌റ്റിക്കറുകൾ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീർഥാടകർ ധരിച്ചിരിക്കുന്ന കറുത്ത വസ്‌ത്രങ്ങൾ രാത്രിയിൽ വാഹനങ്ങൾ ഓടിക്കുന്നവര്‍ക്ക് കാണുവാൻ സാധിക്കാതെ വരികയും ഒരു പരിധിവരെ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് കണ്ടാണ് നടപടി.
'ആക്‌സിഡന്‍റില്ലാത്ത മണ്ഡലകാലം'; കാല്‍നടയാത്രക്കാരായ അയ്യപ്പന്മാരുടെ വസ്‌ത്രത്തിലും ഇരുമുടിക്കെട്ടിലും റിഫ്ലക്‌റ്റര്‍ പതിപ്പിച്ച് പൊലീസ് - റിഫ്ലക്റ്റിംഗ് സ്‌റ്റിക്കറുകൾ
ശബരിമല മണ്ഡലകാല മഹോത്സവമായതിനാൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കാല്‍നടയാത്രക്കാരായ അയ്യപ്പന്മാരുടെ വസ്‌ത്രത്തിലും ഇരുമുടിക്കെട്ടിലും റിഫ്ലക്‌റ്റര്‍ പതിപ്പിച്ച് കോട്ടയം ജില്ലാ പൊലീസ്
ഇതിന്‍റെ ഭാഗമായി രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഓരോ പൊലീസുദ്യോഗസ്ഥരും അവരുടെ മുന്നിലൂടെ നടന്നുപോകുന്ന അയ്യപ്പന്മാർക്ക് അവരുടെ ഷർട്ടിന്‍റെ പിന്നിലും ഇരുമുടിക്കെട്ടിലും അവർ ധരിച്ചിരിക്കുന്ന ബാഗുകളിലും മറ്റുമായി സ്‌റ്റിക്കർ ഒട്ടിക്കും. ഇതുമുഖേന കാൽനടയായി പോകുന്ന അയ്യപ്പന്മാരെ ദൂരെ നിന്നുതന്നെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് തിരിച്ചറിയാൻ സാധിക്കുകയും രാത്രിയില്‍ അപകടങ്ങള്‍ ഉണ്ടാകാതെ ദർശന യാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനും വഴിയൊരുങ്ങുകയും ചെയ്യും. ഇതിലൂടെ ഈ തീര്‍ഥാടന കാലം സീറോ ആക്‌സിഡന്‍റാക്കി മാറ്റുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി. എന്‍.ബാബുക്കുട്ടന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.