കോട്ടയം: അപ്രതീക്ഷിതമായി എക്സൈസ് തീരുവ കുറച്ചതോടെ ജില്ലയിലെ പമ്പുകൾക്ക് ലക്ഷക്കണക്കിന് രൂപ നഷ്‌ടമായെന്ന് ജില്ല പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ധനവില വർധിപ്പിച്ചത് ഘട്ടംഘട്ടമായാണ്. അതേ രീതിയിൽ തീരുവയും കുറച്ചിരുന്നെങ്കിൽ തങ്ങൾക്ക് ഇത്ര വലിയ നഷ്‌ടം ഉണ്ടാകില്ലായിരുന്നു.
അവധി ദിനങ്ങളിലാണ് വില കുറച്ചത് എന്നതിനാൽ നഷ്‌ടം താങ്ങാവുന്നതിലും അപ്പുറമാണെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് സുനിൽ എബ്രഹാം പറഞ്ഞു. എക്സൈസ് ഡ്യൂട്ടി പമ്പുടമകൾ അഡ്വാൻസായി കമ്പനികൾക്ക് കൊടുത്ത് പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുക്കുകയാണ്. എന്നാൽ, ഡ്യൂട്ടി കുറച്ചത് മൂലം പമ്പ് ഉടമകൾ നഷ്‌ടം നേരിടേണ്ടി വരുന്നു. ലിറ്റർ കണക്കിനാണ് തങ്ങൾക്ക് ഇന്ധന കമ്മിഷൻ എന്നതിനാൽ 4 ലക്ഷത്തോളം രൂപയാണ് തീരുവ കുറച്ചതോടെ ഓരോ പമ്പുകാരനും നഷ്‌ടപ്പെടുന്നത്.