ഇപി ജയരാജന്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ തണുപ്പാണെന്ന് പറയുമ്പോൾ സിപിഎമ്മില്‍ വലിയ ചൂടാണുള്ളതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. കണ്ണൂർ റിസോർട്ടുമായി ബന്ധപ്പെട്ട അഴിമതി ഇപി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്നതാണെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.
ALSO READ|ഇ പി ജയരാജന് എതിരായ ആരോപണം വർഷങ്ങളായി ഒളിച്ചുവച്ചു: വി ഡി സതീശൻ
ഇപി ജയരാജനെതിരായി പി ജയരാജന്‍ സിപിഎമ്മില്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎം പിബി യോഗത്തിനായി മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യം, മാധ്യമങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍, ഡല്‍ഹിയിലെ തണുപ്പ് എങ്ങനെയുണ്ട് എന്ന ചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതുകൂടെ ചേര്‍ത്തുവച്ചാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം.
'വേണം വിശ്വാസയോഗ്യമായ അന്വേഷണം':ഇപി ജയരാജന്‍ വിഷയംസിപിഎമ്മിന്‍റെ ആഭ്യന്തര വിഷയമല്ലെന്നും ജനങ്ങളെ ബാധിക്കുന്നതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊടിയ അഴിമതിയാണ് ഒന്നും രണ്ടും പിണറായി സർക്കാരിന്‍റെ കാലത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. ഈ അഴിമതിയും കൊള്ളയും അവസാനിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. ഇക്കാര്യങ്ങളില്‍ എല്ലാം വിശ്വാസയോഗ്യമായ ഒരു അന്വേഷണം ഉണ്ടാകേണ്ടതുണ്ട്.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ അഴിമതി ഇപി ജയരാജനും പി ജയരാജനും തമ്മിലുള്ള തർക്കമായിട്ട് മാത്രം കണക്കാക്കാവുന്നതല്ല. ഇടതുമുന്നണി ഭരണകാലത്തെ നഗ്നമായ അഴിമതികൾ ഓരോന്നോരോന്നായി പുറത്തുവരേണ്ടതുണ്ട്. അതിനെതിരെയുള്ള ശക്തവും സമഗ്രവുമായ അന്വേഷണമാണ് ഇപ്പോൾ വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.