കോട്ടയം:കുമരകത്തിന്‍റെ കായലോളപ്പരപ്പുകളിൽ ഒരു ചെറുവള്ളത്തിലെത്തുന്ന ഈ മനുഷ്യൻ ദേശക്കാർക്ക് സുപരിചിതനാണ്. രാജു എന്ന് സ്നേഹിതർ വിളിക്കുന്ന രാജപ്പൻ ചേട്ടൻ. വളളത്തിൽ നാടുകാണാനിറങ്ങുന്നതല്ല ഇദ്ദേഹം. ആറ് വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഒരു ഉദ്യമത്തിന്‍റെ ഭാഗമായുള്ള യാത്രയാണിത്. കായലിലേയും ചെറു തോടുകളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുകയാണിദ്ദേഹം. രാജപ്പേട്ടന് സാമൂഹിക സേവനത്തിലുപരി ഒരു ചെറിയ വരുമാന മർഗം കൂടിയാണിത്.
കുമരകത്തിന്‍റെ കായലോളപ്പരപ്പിൽ മാതൃകയായി രാജപ്പേട്ടൻ
വളളത്തിൽ കായലിലേയും ചെറു തോടുകളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുകയാണിദ്ദേഹം
കുമരകം മഞ്ചാടിക്കരി സ്വദേശിയായ ഈ 67കാരന് ജന്മനാ കാലുകൾക്ക് സ്വാധീനമില്ല. തകർന്നടിയാറായ വീട്ടിലിരിക്കുന്ന വിരസത മാറ്റനാണ് രാജപ്പേട്ടൻ കായലിലേക്ക് ഇറങ്ങുന്നത്. പെറുക്കിക്കൂട്ടുന്ന പ്ലാസ്റ്റിക്കുകൾക്ക് ആവശ്യക്കാരെത്തിയതോടെ വാടകക്കെടുത്ത ചെറുവള്ളത്തിൽ കൈപ്പുഴയാർ, പെണ്ണാർ തോട്, വേമ്പനാട് കായൽ, മീനച്ചിലാറിന്‍റെ കൈവഴികൾ എന്നിവടങ്ങളിലെ പ്ലാസ്റ്റിക്ക് പെറുക്കിക്കുട്ടി. ആറ് മാസം കൊണ്ട് കായൽ കുറച്ച് വൃത്തിയായെന്നാണ് രാജപ്പൻ ചേട്ടന്‍റെ പക്ഷം. പ്ലാസ്റ്റിക്ക് വസ്‌തുക്കൾ വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ മുന്നോട്ടു പോകുന്ന രാജപ്പൻ ചേട്ടന് ഈ പ്രവർത്തി വീണ്ടും തുടരുന്നതിനായി എഞ്ചിൻ ഘടിപ്പിച്ച ഒരു വളളവും, ചോരാത്തൊരു വീടുമാണ് ആഗ്രഹങ്ങൾ.