കോട്ടയം: പാലായില്‍ മഴയ്‌ക്കൊപ്പം വിവിധയിടങ്ങളിലുണ്ടായ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാര്‍ഷികമേഖലയില്‍ കനത്ത നാശ നഷ്‌ടം. 100ഓളം റബര്‍മരങ്ങളും വന്‍വൃക്ഷങ്ങളും നിലംപൊത്തി. നിരവധി വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും തകര്‍ന്നു. മുത്തോലി, വെള്ളിയേപ്പള്ളി ഭാഗങ്ങളിലായിരുന്നു കൂടുതല്‍ നാശം. മുത്തോലി കണ്ണച്ചാംകുന്നേല്‍ രമേശിന്‍റെ വീട് സമീപത്തെ പുരയിടത്തിലെ ആഞ്ഞിലിമരം വീണ് പൂര്‍ണമായും തകര്‍ന്നു. കാലങ്ങളായി ഈ മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് രമേശന്‍ ഉടമസ്ഥനും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നെങ്കിലും ഒരു ശിഖരം മാത്രമാണ് വെട്ടിമാറ്റിയത്. ഇന്നലെ കാറ്റില്‍ മരം വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് വീടിനുള്ളില്‍ രമേശന്‍റെ ഭാര്യ രമ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വീടിനുള്ളില്‍ കുടുങ്ങിയ രമയെ സമീപവാസികള്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്. വീടിന് സമീപത്തെ പുരയിടത്തില്‍ ഇനിയും ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ നില്‍പ്പുണ്ട്. കരുവാറ്റ് ലാലന്‍റെ വീടും ഭാഗികമായി തകര്‍ന്നു. വെള്ളിലാപ്പള്ളിയില്‍ ഏഴാം വാര്‍ഡില്‍ വ്യാപകനാശം നേരിട്ടു.
പാലാ വെള്ളിയേപ്പള്ളിയില്‍ കൊടുങ്കാറ്റ്; വ്യാപകനാശം
100ഓളം റബര്‍മരങ്ങളും വന്‍വൃക്ഷങ്ങളും നിലംപൊത്തി. നിരവധി വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും തകര്‍ന്നു. മുത്തോലി, വെള്ളിയേപ്പള്ളി ഭാഗങ്ങളിലായിരുന്നു കൂടുതല്‍ നാശം
പാറേല്‍ സ്‌കൂള്‍ റോഡ് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു. പാലക്കുന്നത്ത് മനു, പറമ്പത്ത് സന്തോഷ്, സന്ദീപ് എന്നിവരുടെ വീടുകള്‍ക്ക് മുകളിലേയ്ക്കും മരങ്ങള്‍ കടപുഴകി വീണു. വളയത്തില്‍ റെജിമോന്‍റെ വീടിന് മുകളിലേയ്ക്ക് നാലോളം റബര്‍മരങ്ങളാണ് പതിച്ചത്. ഇദ്ദേഹത്തിന്‍റെ പുരയിടത്തിലെ ഇരുപതോളം റബര്‍മരങ്ങളും കടപുഴി വീണു. ആഞ്ഞിലി അടക്കമുള്ള കൃഷികളും നശിച്ചു. ആക്കല്‍ വിനോദ് കുമാറിന്‍റെ തെങ്ങ്, കമുക് കൃഷികള്‍ കാറ്റില്‍ നശിച്ചു. കാക്കനാട്ട് ജോസഫിന്‍റെ റബര്‍മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. കച്ചറയില്‍ ബിജിയുടെ പുരയിടത്തിലെ പ്ലാവുകളും റബര്‍ മരങ്ങളുമാണ് കാറ്റ് നശിപ്പിച്ചത്. പുളിവേലില്‍ സാബുവിന്‍റെ പുരയിടത്തിലും കാറ്റ് നാശം വിതച്ചു. രാത്രി ഏഴ് മണിയോടെ ഉണ്ടായ കാറ്റില്‍ വൈദ്യുതി ബന്ധവും തകര്‍ന്നു. പാലാ ഏറ്റുമാനൂര്‍ റോഡില്‍ ചേര്‍പ്പുങ്കലിന് സമീപം റോഡരികിലെ തണല്‍മരത്തിന്‍റെ ശിഖരവും നിലംപൊത്തി. ഫയര്‍ഫോഴ്‌സെത്തിയാണ് മരങ്ങള്‍ നീക്കം ചെയ്തത്. ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ നാശം നേരിട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. നാശനഷ്ടം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്ന് ഇരുവരും പറഞ്ഞു.