കേരളം

kerala

അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ മൂന്നുദിവസം ഓറഞ്ച് അലേർട്ട്

By

Published : May 14, 2022, 10:51 PM IST

മെയ്‌ 14, 15 , 16 തീയതികളിലാണ് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ മൂന്നുദിവസം ഓറഞ്ച് അലേർട്ട്  orange alert kottayam  kottayam rain alert  കേട്ടയം മഴമുന്നറിയിപ്പ്  കോട്ടയം കളക്‌ടറുടെ നിര്‍ദേശങ്ങള്‍
അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ മൂന്നുദിവസം ഓറഞ്ച് അലേർട്ട്

കോട്ടയം:അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14, 15, 16 തീയതികളിലാണ് ജില്ലയില്‍ കനത്ത മഴയ്‌ക്ക് സാധ്യത. 17, 18 തീയതികളില്‍ യെല്ലോ അലര്‍ട്ടും ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ മഴയില്‍ നാശ നഷ്‌ടം സംഭവിച്ച മേഖലകളില്‍ താമസിക്കുന്നവരും ആ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളും ജഗ്രത പുലര്‍ത്തണമെന്നും കളക്‌ടര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കായി വിവിധ നിര്‍ദേശങ്ങളും ജില്ല ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ:അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും അപകടമുണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണം.

also read: സംസ്ഥാനത്ത് അതിശക്തമായ മഴ; ജാഗ്രത നിര്‍ദേശവുമായി സര്‍ക്കാര്‍

ABOUT THE AUTHOR

...view details