കോട്ടയം : പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തരംഗം.വോട്ടെണ്ണിത്തുടങ്ങിയതുമുതല്‍ ആധികാരിക മുന്നേറ്റമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടേത്. ഒരിക്കല്‍പ്പോലും ജെയ്‌ക് സി തോമസിന് മുന്നിലെത്താനായില്ല. ആദ്യ മിനിട്ടുമുതല്‍ ഏകപക്ഷീയമായ കുതിപ്പായിരുന്നു യുഡിഎഫ് ക്യാപിന്‍റേത്. ഓരോ റൗണ്ട് പിന്നിടുമ്പോഴും ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം ചരിത്രത്തിലില്ലാത്തവിധം കൂടിക്കൊണ്ടിരുന്നു.(Puthuppally Bypoll Results Latest Updates )
ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് എത്തി നിന്നത്. 2021ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് 9044 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. 2016 ലെ തെരഞ്ഞെടുപ്പിലാണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 27,092 കുറിക്കപ്പെട്ടത്. ഇതും മറികടന്നുള്ള മുന്നേറ്റമായിരുന്നു ചാണ്ടി ഉമ്മന്‍റേത് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ആഹ്ളാദ നിറവിലാണ്. സഹതാപതരംഗവും ഭരണവിരുദ്ധവികാരവും അലയടിച്ച തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അടിതെറ്റി. ബിജെപി ചിത്രത്തിലില്ലാതെയുമായി.
കോട്ടയം ബസേലിയസ് കോളജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും സ്‌ട്രോങ് റൂമിന്‍റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. 53 വർഷം പുതുപ്പള്ളി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പിതാവിന്‍റെ പാതയില്‍ പിന്തുടര്‍ച്ചയുമായി ചാണ്ടി ഉമ്മനും വികസനമുദ്രാവാക്യമുയര്‍ത്തി ജെയ്‌ക് സി തോമസും വോട്ടുയര്‍ത്താമെന്ന പ്രതീക്ഷയോടെ എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലുമായിരുന്നു കളത്തിലിറങ്ങിയത്. പുതുപ്പള്ളിയെ മൊത്തത്തിൽ ഇളക്കിമറിച്ചുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നത്. സെപ്റ്റംബർ 5നായിരുന്നു തെരഞ്ഞെടുപ്പ്.