കോട്ടയം: തെരഞ്ഞെടുപ്പുകളില്‍ സഹതാപ തരംഗം സൃഷ്ടിച്ച് ജയിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്‍റെ അജണ്ടയായി മാറിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ കെ അനില്‍കുമാർ. ഒരു നേതാവ് മരിച്ചാൽ ആ കുടുംബത്തിൽ നിന്ന് ഒരാളെ സ്ഥാനാർത്ഥിയാക്കുന്നത് കോൺഗ്രസ് ആചാരമാക്കി മാറ്റിയിരിക്കുന്നുവെന്നും ഇതിനെ എതിർത്തിരുന്ന കോൺഗ്രസിലെ എ വിഭാഗം തന്നെ ഇത് നടപ്പാക്കുന്നുവെന്നും അഡ്വ കെ അനില്‍കുമാർ ആരോപിച്ചു. കേരളത്തിൽ മഹത്തായ കാര്യങ്ങൾ ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കില്ലാത്ത വിശുദ്ധ പദവി മാറ്റാർക്കുമില്ലയെന്നും അടക്കം ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാൻ ശ്രമിക്കുന്നോ എന്ന ചോദ്യവുമായി അഡ്വ കെ അനില്‍കുമാർ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പും ഇതോടൊപ്പം ചർച്ചയാകുകയാണ്.
ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ സഭയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കെ അനില്‍കുമാറിന്‍റെ പ്രതികരണം. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് സഭ നേതൃത്വത്തോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടുമെന്നും സിപിഎം സംസ്ഥാന സമിതി അംഗം വ്യക്തമാക്കി. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഎം നിലപാടിനും ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍
സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ കെ അനില്‍കുമാറിന്‍റെ കത്തിന്‍റെ പൂർണ രൂപം:
പുതുപ്പള്ളിയിൽ അയോദ്ധ്യ ആവർത്തിക്കുന്നോ..
ഉമ്മൻ ചാണ്ടിയെ മിത്താക്കരുത്
വി.ഡി.സതീശന് തുറന്ന കത്ത്
ബഹു:പ്രതിപക്ഷ നേതാവേ,
1948 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അക്കാലത്ത് യു പി മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭപന്തിന് ഒരു കത്തെഴുതി.
ബാബറി മസ്ജിദിനുള്ളിൽ ഒരു രാമവിഗ്രഹം അന്നത്തെ ഫൈസാബാദ് ജില്ല കലക്ടറായിരുന്ന ആലപ്പുഴ സ്വദേശി കെ.കെ.നായരുടെ പിന്തുണയോടെ രാത്രിയിൽ അതിക്രമിച്ചു കയറി സ്ഥാപിച്ചതായിരുന്നു വിഷയം: ഫൈസാബാദിൽ ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാലം. അവിടെ സോഷ്യലിസ്റ്റു നേതാവ് ആചാര്യ നരേന്ദ്ര ദേവിനെ പരാജയപ്പെടുത്താൻ അയോധ്യ വിഷയമാക്കി. അതിനെതിരായിരുന്നു നെഹ്റുവിന്‍റെ കത്ത്.
സ്വതന്ത്ര ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മതവും വിശ്വാസവും കൂട്ടി കലർത്തിയ കോൺഗ്രസ് പാരമ്പര്യം അതോടെ തുടക്കമിട്ടു.
"നെഹ്റു എഴുതി " എനിക്ക് അപരിചിതമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. നമ്മുടെ ശരീരത്തിൽ വർഗ്ഗീയതയുടെ അധിനിവേശം നടന്നിരിക്കുന്നു"
തെരഞ്ഞെടുപ്പു രാഷ്ടീയത്തിൽ മത ബിംബങ്ങളെ സൗകര്യപൂർവ്വം ഉപയോഗിക്കുന്ന ഫൈസാബാദ് തെരഞ്ഞെടുപ്പിനെ അനുകരിക്കാൻ കോൺഗ്രസ് ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കാൻ നീക്കം നടത്തുന്നു. 2023 ജൂലൈ 18 വരെ ഉമ്മൻ ചാണ്ടി പുണ്യവാനല്ലായിരുന്നു. മിത്തും ആയിരുന്നില്ല. യഥാർത്ഥത്തിൽ നാം കണ്ടതും അനുഭവിച്ചതുമായ യാഥാർത്ഥ്യമാണ് ഉമ്മൻ ചാണ്ടി.
ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ രാഷട്രീയമായി പൊരുതിയപ്പോൾ അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തിന്‍റെ കാർക്കശ്യവും ക്രൗര്യവും കണ്ടറിഞ്ഞനുഭവിച്ചിട്ടുണ്ട്.
അതൊക്കെ ഞങ്ങൾക്ക് 'മിത്താ' യിരുന്നില്ല. യഥാർത്ഥ്യത്തിലുള്ള ജീവിതാനുഭവങ്ങൾ അടിയന്തരാവസ്ഥക്കാലത്താണ് ഉമ്മൻ ചാണ്ടിയുടെ കീഴിലെ കോൺഗ്രസ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികൾക്കൊപ്പം നിന്ന ഒരാൾ എങ്ങനെ ഭൂമിയിലും സ്വർഗ്ഗത്തിലും അല്ലെങ്കിൽ നരകത്തിലും വിശുദ്ധനാകും. ഗ്രൂപ്പുവഴക്കിൽ ഇതേ പുതുപ്പള്ളിയിൽ ഒരു കോൺഗ്രസ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നില്ലേ. പയ്യപ്പാടിയിൽ. കോൺഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോൺഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണ്. എറണാകുളം ഡിസിസി യുടെഅനുശോചന യോഗത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവായ അങ്ങു തന്നെയാണ് വിശുദ്ധപദവിയുടെ ചർച്ചക്ക് തുടക്കമിട്ടത്. എന്നു മുതലാണ് താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായത്.
2016ൽ യുഡിഎഫ് തോറ്റു. അന്നേ വരെ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ മാറ്റി പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ അവരോധിച്ചപ്പോൾ താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായിരുന്നോ. അതിനു ശേഷം മരിക്കുന്നതു വരെ ഒരു സാധാരണ എംഎൽഎ മാത്രമായി ഉമ്മൻ ചാണ്ടിയെ പരിമിതപ്പെടുത്തിയതിൽ താങ്കൾ കേരളത്തോട് മാപ്പു പറയുന്നുണ്ടോ?
അതിനു ശേഷം ജസ്റ്റിസ് ശിവരാജൻ സോളാർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. അത് പുറത്തു വന്ന ദിവസം താങ്കളുടെ പ്രതികരണം കേട്ടു. ഉമ്മൻ ചാണ്ടി വിശുദ്ധനെന്ന് താങ്കൾ പറഞ്ഞില്ല. താങ്കൾ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസ് ആയിരുന്നോ അന്ന്. തീർന്നില്ല,
2021 ൽ കോൺഗ്രസും യുഡിഎഫും നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. വീണ്ടും പ്രതിപക്ഷ നേതൃപദവി.