കോഴിക്കോട്: പുതുപ്പള്ളിയല്ലേ... ഉമ്മൻചാണ്ടിയുടെ സ്വന്തമല്ലേ... മത്സരിക്കുന്നത് മകനല്ലേ... ജയം ഉറപ്പല്ലേ... തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കേട്ട പൊതു വാചകങ്ങളാണിത്. 'ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ ശക്തനാണ് മരിച്ചു പോയ ഉമ്മൻചാണ്ടിയെന്ന്' കേരളം തെളിയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെസി അബു പറഞ്ഞതും ഓർമ്മയില്ലേ.. എന്നാൽ ആൾക്കൂട്ടം വോട്ടാകുമെന്നത് വ്യാമോഹമാണെന്ന് പറഞ്ഞ സിപിഎം ഒടുവിൽ പുതുപ്പള്ളിയിൽ ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് തിരുത്തിപ്പറയുകയും ചെയ്‌തിരുന്നു.
'പുതിയ പുതുപ്പള്ളി':പുതിയ പുതുപ്പള്ളിയുടേയും വികസനത്തിന്‍റെയും പേരില്‍ വോട്ട് ചോദിച്ച സിപിഎമ്മിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടി നല്‍കിയാണ് പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മനെ ആദ്യമായി നിയമസഭയിലേക്ക് അയയ്ക്കുന്നത്. അതും പുതുപ്പള്ളിയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍. 2011ല്‍ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടുകൾ എന്ന ഭൂരിപക്ഷം ഇത്തവണ ചാണ്ടി ഉമ്മൻ 37719 വോട്ടുകളുടെ ഭൂരിപക്ഷമാക്കി ഉയർത്തുകയായിരുന്നു.
'പുതുപ്പള്ളിയുടെ മനസ് വായിക്കണമായിരുന്നു': ഉമ്മൻചാണ്ടിയെ തുടർച്ചയായി 53 വർഷം നിയമസഭയിലെത്തിച്ച ചരിത്രം മാത്രമല്ല പുതുപ്പള്ളിക്കുള്ളത്. എക്കാലവും ഉമ്മൻചാണ്ടിയോട് മനസുകൊണ്ട് ചേർന്ന് നിന്നിരുന്നു എന്നത് കൂടിയാണ് പുതുപ്പള്ളിയുടെ ചരിത്രം. 1965 ലും 67 ലും സിപിഎമ്മിലെ ഇഎം ജോർജ് വിജയിച്ച പുതുപ്പള്ളിയില്‍ 1970ലാണ് ഉമ്മൻചാണ്ടി ആദ്യമായി വിജയിക്കുന്നത്. 70 ൽ ഉമ്മൻചാണ്ടി, ജോർജിനെ മലർത്തിയടിച്ചു, 7288 വോട്ടിന്. തുടർന്നുള്ള 53 വർഷം 11 തെരഞ്ഞെടുപ്പുകൾ. ഒരു വിജയി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായി മാറിയ ഉമ്മൻചാണ്ടി.
ചെറിയ ഭൂരിപക്ഷത്തിൽ തുടങ്ങിയ ഉമ്മൻചാണ്ടി 2011ൽ അത് 33,255 വരെ ഉയർത്തി. എന്നാൽ 2021 ൽ ജെയ്ക് സി തോമസ് എന്ന ചെറുപ്പക്കാരൻ കുഞ്ഞൂഞ്ഞിന്‍റെ ഭൂരിപക്ഷം 9,044ലേക്ക് താഴ്ത്തികെട്ടി. കേരള കോൺഗ്രസ് എമ്മിന്‍റെ സഹായം കൂടി അവിടെ ഉണ്ടായിരുന്നു എന്നത് മറക്കരുത്. ഈ പിന്തുണകളൊന്നും ഇല്ലാതെ 1987ൽ വി.എൻ വാസവൻ തോറ്റത് 9,164 വോട്ടിനായിരുന്നു എന്നതും അടിവരയിടണം. എതിർ സ്ഥാനാർത്ഥികൾ ശക്തരായപ്പോൾ പുതുപ്പള്ളിക്കാർ അതിനെയും ഉൾക്കൊണ്ടിരുന്നു എന്നതും ഈ ചിത്രങ്ങളിലുണ്ട്. എന്നാൽ ഈ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും അനുകൂലമായത് ഓർമ്മയായ ഉമ്മൻചാണ്ടി എന്ന വികാരമാണ്. അതും മകൻ ചാണ്ടി ഉമ്മൻ ഏകകണ്ഠേന സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിൽ. അപ്പോഴും ഇത്രയും കനത്ത തോൽവി നാട്ടുകാരൻ കൂടിയായ ജെയ്‌ക് സി തോമസ് ഏറ്റുവാങ്ങുമ്പോൾ കേരളത്തിലെ ഭരണ മുന്നണി മറക്കാൻ പാടില്ലാത്ത ചിലതുണ്ട്.