കോട്ടയം: വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് തിരുനക്കരയിലെ ബസ് സ്‌റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കാനുള്ള നീക്കം താത്‌കാലികമായി നിര്‍ത്തി വച്ച് നഗരസഭ. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ അമ്പതിലധികം വരുന്ന വ്യാപാരികളെ ഒഴിപ്പിക്കാനെത്തിയ നഗരസഭ അധികൃതർ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോകുകയായിരുന്നു. ബസ് സ്റ്റാൻഡിനുള്ളിലെ കടമുറികൾ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും ചേർന്ന് കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് അധികൃതർ മടങ്ങിയത്.
ഇന്ന്(24.08.2022) രാവിലെ കടകൾ ഒഴിപ്പിക്കാനെത്തിയ നഗരസഭ അധികൃതരെ തടയുന്നതിനായി സ്റ്റാൻഡിനുള്ളിലെ എല്ലാ കവാടങ്ങളും പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു. തോമസ് ചാഴിക്കാടൻ എംപി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ല പ്രസിഡന്‍റ് എം കെ തോമസ്‌കുട്ടി അടക്കമുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.