കേരളം

kerala

ETV Bharat / state

ഈരാറ്റുപേട്ട ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

ഈരാറ്റുപേട്ട ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

By

Published : Oct 26, 2019, 5:21 PM IST

Updated : Oct 26, 2019, 5:51 PM IST

കോട്ടയം: ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. മുട്ടം ജങ്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാന്‍റ് അങ്കണത്തിൽ അവസാനിച്ചു. ഈരാറ്റുപേട്ട ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കാനുള്ള നീക്കത്തിന് പി.സി ജോർജ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ കൂട്ടുനിൽക്കുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്‌ത് കൊണ്ട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് സുബൈർ വെള്ളാപ്പള്ളി പറഞ്ഞു.

ഈരാറ്റുപേട്ട ഡിപ്പോയെ ഓപ്പറേറ്റിങ് സെന്‍ററാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ഓപ്പറേറ്റിങ് സെന്‍ററാകുന്നതോടെ ഈരാറ്റുപേട്ട പാലാ ഡിപ്പോയുടെ കീഴിലാകും. ബസ് സർവീസ് ഷെഡ്യൂൾ നിശ്ചയിക്കാനുള്ള അധികാരവും ഗ്യാരേജും ഈരാറ്റുപേട്ടക്ക് നഷ്‌ടമാകും. വിദ്യാർഥികളുടെ കൺസഷൻ, സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യൽ തുടങ്ങി കെ.എസ്.ആർ.ടി.സിയുമായുള്ള എല്ലാ ഇടപാടുകൾക്കും പാലായിൽ പോകേണ്ടി വരും. ഗസറ്റഡ് ഓഫീസറായ അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസറുടെ കാര്യാലയമുള്ള ഓഫീസ്, കൺട്രോൾ ഓഫീസറും രണ്ടോ മൂന്നോ ജീവനക്കാരുമുള്ള വെറുമൊരു ഓഫീസായി മാറുമെന്ന് എസ്.ഡി.പി.ഐ ചൂണ്ടിക്കാട്ടി.

67 സർവീസുകൾ വരെ നടത്തിയിട്ടുള്ള ജില്ലയിലെ തന്നെ ലാഭകരമായിട്ടുള്ള ഡിപ്പോ ആയിരുന്നു ഈരാറ്റുപേട്ട. അഞ്ചര ലക്ഷം രൂപയിലധികം പ്രതിദിനം കലക്ഷനുണ്ട്. എഴുപതോളം ബസുകളുള്ള ഡിപ്പോ തരംതാഴ്ത്തപ്പെടുന്നതോടെ എല്ലാ ബസുകളും ഈരാറ്റുപേട്ടക്ക് നഷ്ടമാകും. ഗതാഗത സൗകര്യം നാമമാത്രമായ വാഗമണ്‍, കൈപ്പള്ളി, പറത്താനം, തലനാട്, അടുക്കം എന്നീ മേഖലയിലേക്കുള്ള സര്‍വീസുകൾ പലതും ഇപ്പോൾ തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്‌. ഡിപ്പോ നിലനിര്‍ത്താന്‍ അധികാരികള്‍ തയാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയെ തരംതാഴ്ത്തി ഓപ്പറേറ്റിങ് സെന്‍റർ ആക്കാനുള്ള നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപൽ കമ്മിറ്റി ഭാരവാഹികൾ എ.റ്റി.ഒക്ക് നിവേദനം നൽകി.

Last Updated : Oct 26, 2019, 5:51 PM IST

ABOUT THE AUTHOR

...view details