കോട്ടയം: കൊവിഡ് 19 രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ എം. അഞ്ജന നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്ന് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല. കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടേയും ക്വാറന്‍റൈനില്‍ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമാം വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.
കോട്ടയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു - corona
ഒക്ടോബര്‍ മൂന്ന് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല
നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന കാലയളവിൽ, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്‍റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകൾ, റിക്രൂട്ട്‌മെന്‍റുകൾ, വിവിധതലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങൾ എന്നിവയും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ച് മാത്രമേ പ്രവർത്തിക്കാനാവു. കൂടാതെ വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരും, സര്‍ക്കാര്‍ ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്‍റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കാനും നിർദേശമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍റുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. നിരോധനാജ്ഞയിലൂടെ ഒരു മാസം കൊണ്ട് ജില്ലയിലെ കൊവിഡ് വ്യാപനതോത് കുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.