കോട്ടയം: പൂഞ്ഞാറിന്‍റെ വികസന കാര്യങ്ങളില്‍ പിസി ജോര്‍ജ് 100 ശതമാനവും പരാജയമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ പിഎസ്‌സി അംഗവുമായ പ്രൊഫ.ലോപ്പസ് മാത്യു. പൂഞ്ഞാറിന്‍റെ വികസന രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയത് കെ.എം മാണിയാണെന്നും അദേഹം പറഞ്ഞു.
പിസി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പ്രൊഫ.ലോപ്പസ് മാത്യു
ഒരു ജനപ്രതിനിധിയെന്ന നിലയില്‍ 1980 മുതല്‍ പൂഞ്ഞാറിനെ പ്രതിനിധീകരിച്ച പിസി ജോര്‍ജ് തികഞ്ഞ പരാജയമാണെന്ന് ലോപ്പസ് മാത്യു പറഞ്ഞു
ഒരു ജനപ്രതിനിധിയെന്ന നിലയില്‍ 1980 മുതല്‍ പൂഞ്ഞാറിനെ പ്രതിനിധീകരിച്ച പിസി ജോര്‍ജ് തികഞ്ഞ പരാജയമാണ്. 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎം മാണി ധനമന്ത്രിയായിരിക്കെയാണ് പൂഞ്ഞാറില്‍ ഇന്ന് കാണുന്ന പ്രധാന വികസന പദ്ധതികളെല്ലാം ആരംഭിച്ചത്. അരുവിത്തുറ കോളജ് റോഡിലെ ആദ്യ പാലം താന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ അരുവിത്തുറ കോളേജിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും കോളജ് മാനേജ്‌മെന്‍റും ചേര്‍ന്ന് 18 ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടച്ച് കോണ്‍ട്രിബ്യൂട്ടറി സ്‌കീമില്‍ പെടുത്തിയാണ് നിര്‍മിച്ചത്. രണ്ടാമത്തെ പാലത്തിന് കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ താന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭ്യര്‍ഥന പ്രകാരമാണ് മൂന്നരക്കേടി രൂപ അനുവദിച്ചത്.
താന്‍ പിഎസ്‌സി മെബറായതിനു ശേഷം നടത്തിയ ഇടപെടലുകള്‍ മൂലമാണ് പദ്ധതിക്കായി സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് പണം നല്‍കാനായത്. ഈരാറ്റുപേട്ട അഹമ്മദ് കുരുക്കള്‍ നഗറിനു സമീപമുള്ള കോസ്‌വേ പാലം താനും അന്ന് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പികെ അലിയാരും ചേര്‍ന്ന് പിസി തോമസ് എംപിയെ ചെന്നുകണ്ട് അഞ്ച് ലക്ഷം രൂപ അനുവദിപ്പിച്ചാണ് നിര്‍മിച്ചത്. തടവനാല്‍ പാലത്തിനും 10 കോടി രൂപാ അനുവദിച്ചത് കെഎം മാണിയാണ്. ഈ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ പോലും പിസി ജോർജ് എംഎല്‍എയ്ക്ക് കഴിഞ്ഞിട്ടില്ല.
ഈരാറ്റുപേട്ട സർക്കാർ ആശുപത്രി, താലൂക്ക് അശുപത്രി ആക്കുന്നതില്‍ ഒന്നും ചെയ്യാന്‍ അദേഹത്തിനായില്ല. ഒടുവില്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. ഒരു വ്യാപാരവ്യവസായ കേന്ദ്രമെന്ന നിലയില്‍ ഈരാറ്റുപേട്ടക്കു വേണ്ടി യാതൊന്നും ചെയ്യാന്‍ പിസി ജോര്‍ജിനായില്ല. പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും പാലാ നിയോജക മണ്ഡലത്തിലേക്ക് കൂട്ടി ചേര്‍ക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക് യഥാര്‍ഥത്തില്‍ പിസി ജോര്‍ജ്ജിന്‍റെ ദുര്‍ഭരണത്തില്‍ നിന്നും ശാപമോക്ഷമാണ് ഉണ്ടായതെന്നും ഈ പഞ്ചായത്തുകളില്‍ വലിയ വികസന മുന്നേറ്റമുണ്ടായെന്നും അദേഹം പറഞ്ഞു.
ജനം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ് എംഎല്‍എ എന്നും ലോപ്പസ് മാത്യു പറഞ്ഞു. തന്‍റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി സഭാ അധ്യക്ഷന്‍മാരെയും വൈദികരെയും ചീത്ത വിളിച്ചും ഹൈന്ദവ സമുദായ സംഘടനകളെ അക്ഷേപിച്ചും നടന്ന ജോര്‍ജ് ഇപ്പോള്‍ മുസ്‌ലിം സമുദായത്തിനു നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ നാടകങ്ങള്‍ പൂഞ്ഞാറിന്‍റെ സാംസ്‌കാരിക സമ്പന്നതക്ക് മേല്‍ ഏല്‍ക്കുന്ന പ്രഹരങ്ങളാണെന്ന് പ്രൊഫ.ലോപ്പസ് മാത്യു ആരോപിച്ചു .
അവസരം പോലെ ഒരോ സമുദായങ്ങളെ താറടിച്ചും പിന്നീട് പുകഴ്ത്തി പറഞ്ഞും ജോര്‍ജ് നടത്തുന്ന നെറികെട്ട രാഷ്ട്രീയം പൂഞ്ഞാറിലെ ജനങ്ങള്‍ അവസാനിപ്പിക്കുമെന്നും വ്യക്തികളെ അധിക്ഷേപിച്ച് നേതാവാകുന്ന അവസരവാദ രാഷ്ട്രീയം ഇനി വിലപോകില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു. കേരളാ കോണ്‍ഗ്രസിന്‍റെ നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നത് കൊണ്ടു കൂടിയാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത്. കെഎം മാണി വിഭാവനം ചെയ്ത പദ്ധതികളില്‍ പലതും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്നും അദേഹം പറഞ്ഞു.