കേരളം

kerala

By

Published : Apr 3, 2021, 9:13 PM IST

ETV Bharat / state

തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജമെന്ന് ജില്ല കലക്ടര്‍

വോട്ടിങ് യന്ത്രങ്ങളുടെയും അനുബന്ധ പോളിങ് സാമഗ്രികളുടെയും വിതരണം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജമായതായി ജില്ലാ കലക്ടര്‍  കലക്ടര്‍ എം അഞ്ജന  Pre arrangements for Election in Kottayam is over  കോട്ടയത്തെ തെരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജമായതായി ജില്ലാ കലക്ടര്‍

കോട്ടയം: തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജമായതായി കലക്ടര്‍ എം.അഞ്ജന. ഒമ്പത് മണ്ഡലങ്ങളിലായി 66 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ ജനവിധി തേടുന്നത്. 15,93,575 വോട്ടര്‍മാര്‍ക്കായി 2,406 പോളിങ് ബൂത്തുകളാണ് ഒരുക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 11,464 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. വോട്ടിങ് യന്ത്രങ്ങളുടെയും അനുബന്ധ പോളിങ് സാമഗ്രികളുടെയും വിതരണം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിന് ആരംഭിക്കും.

ഏപ്രില്‍ ആറിന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്. മോക് പോള്‍ രാവിലെ 6.30ന് ആരംഭിക്കും. വൈകുന്നേരം ആറ് മുതല്‍ ഏഴുവരെയുള്ള സമയത്ത് കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാം. മറ്റ് വോട്ടര്‍മാര്‍ വോട്ടുചെയ്ത ശേഷമായിരിക്കും ഇവര്‍ക്ക് വോട്ടുചെയ്യുന്നതിന് സൗകര്യമൊരുക്കുക.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ബൂത്തുകളിലും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവേശന കവാടത്തിന് സമീപം കൈ കഴുകുന്നതിനുള്ള സംവിധാനങ്ങളും സാനിറ്റൈസറും ഉണ്ടാകും. മാസ്കില്ലാതെ വോട്ടര്‍മാര്‍ എത്തിയാല്‍ മാസ്ക് നല്‍കുന്നതിനായി മാസ്ക് കോര്‍ണറുകള്‍ പ്രവര്‍ത്തിക്കും. എല്ലാവരെയും തെര്‍മല്‍ സ്കാനിങിന് വിധേയരാക്കും. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന ഗ്ലൗസുകള്‍ നല്‍കിയാണ് വോട്ടര്‍മാരെ ബൂത്തിലേക്ക് കടത്തിവിടുക. ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ മാത്രം വോട്ട് ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍, വയോധികര്‍ എന്നിവര്‍ക്കുമായി മൂന്ന് ക്യൂ ഉണ്ടാകും. ക്യൂവില്‍ ആളുകള്‍ ആറ് അടി അകലത്തില്‍ നില്‍ക്കുന്നതിനായി പ്രത്യേകം മാര്‍ക്ക് ചെയ്യും. ഒരേസമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക കാത്തിരിപ്പ് സ്ഥലവുമുണ്ട്.

വോട്ട് ചെയ്ത് പുറത്തിറങ്ങുന്നവര്‍ക്ക് ഉപയോഗിച്ച ഗ്ലൗസ് പുറത്തെ ബിന്നില്‍ നിക്ഷേപിക്കാം. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് പ്രത്യേക ബിന്നുകളുണ്ടാകും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനായി ഏജന്‍സിക്ക് കൈമാറും. ജില്ലയിലെ പോളിങ് ബൂത്തുകളിലേക്ക് ആവശ്യമായ പിപിഇ കിറ്റുകള്‍, മാസ്കുകള്‍, ഗ്ലൗസുകള്‍, സാനിറ്റൈസറുകള്‍ എന്നിവ പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും. വോട്ടെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകള്‍ അണുവിമുക്തമാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ വളണ്ടിയര്‍മാരെയും ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്.

പോളിംഗ് പുരോഗതി ഓരോ മണിക്കൂര്‍ ഇടവിട്ട് ഉദ്യോഗസ്ഥര്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. നിയോജക മണ്ഡലം തലത്തിലും ജില്ലാതലത്തിലും പോള്‍ മാനേജര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. എന്‍കോര്‍ എന്ന വെബ്സൈറ്റിലൂടെ പോളിങ് ശതമാനം മണിക്കൂര്‍ ഇടവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കും. റിസര്‍വ് വോട്ടിങ് യന്ത്രങ്ങളുടെ നീക്കം സംബന്ധിച്ച വിവരങ്ങള്‍ സെക്ടര്‍ ഓഫിസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എലി ട്രേസസ് എന്ന ആപ്ലിക്കേഷന്‍ മുഖേനയാണ്. വോട്ടെടുപ്പിനുശേഷം പോളിങ് ബൂത്തുകളില്‍ നിന്നുള്ള മാലിന്യ നീക്കത്തിന്‍റെ സ്ഥിതി അറിയാനും ഇതേ ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്.

ABOUT THE AUTHOR

...view details