കോട്ടയം: കോടതി വിധി തിരിച്ചടിയായതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കാനാകാതെ ബി.ഡി.ജെ.എസ് സ്ഥാനാർഥി എം.ആര്‍ ഉല്ലാസ്. ആദ്യഘട്ടത്തില്‍ സ്ഥാനാർഥിയായി ഉല്ലാസിനെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചെങ്കിലും എയ്‌ഡഡ് സ്‌കൂൾ അധ്യാപകര്‍ മത്സരിക്കരുതെന്ന കോടതി വിധിയെ തുടര്‍ന്ന് ഉല്ലാസിന് മത്സരരംഗത്ത് നിന്നും പിന്‍മാറേണ്ടി വന്നു.
കോടതി വിധി തിരിച്ചടിയായി; പൂഞ്ഞാറില്‍ ഉല്ലാസ് മാറി സെന്‍ വരും - ബി.ഡി.ജെ.എസ്
എയ്‌ഡഡ് സ്‌കൂൾ അധ്യാപകര്‍ മത്സരിക്കരുതെന്ന കോടതി വിധിയെ തുടര്‍ന്നാണ് ഉല്ലാസിന് മത്സരരംഗത്ത് നിന്നും പിന്‍മാറേണ്ടി വന്നത്.
കോരുത്തോട് സി.കെ.എം സ്‌കൂളിലെ അധ്യാപകനാണ് എം.ആര്‍ ഉല്ലാസ്. മാനേജ്‌മെന്‍റ് നിയമിച്ചാലും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ മത്സരിക്കരുതെന്ന വിധിയാണ് ഉല്ലാസിന് തിരിച്ചടിയായത്. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചൊവ്വാഴ്‌ച ഇത് സംബന്ധിച്ച തീരുമാനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും നീണ്ടു പോകുകയായിരുന്നു.
ഇടത്- വലത് സ്ഥാനാർഥികളും പി.സി ജോർജും ഇതിനിടെ പ്രചാരണത്തില്‍ മുന്നിലെത്തിയതോടെയാണ് സ്ഥാനാർഥിയെ മാറ്റി ചിന്തിക്കാന്‍ നേതൃത്വം തയ്യാറായത്. ബി.ഡി.ജെ.എസ് ജില്ലാപ്രസിഡന്‍റ് എം.പി സെന്‍ സ്ഥാനാർഥിയാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിൽ മത്സരിച്ച ഉല്ലാസ്, 19966 വോട്ടുകള്‍ നേടിയിരുന്നു.