കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കോട്ടയം ഓഫിസിൽ ഇനി സേവനങ്ങളെല്ലാo ഓൺലൈനായി ലഭ്യമാകും. ബോർഡിന്‍റെ സേവനം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് സമൂഹ മാധ്യമത്തിലൂടെ അപേക്ഷകൾ, പരാതികൾ എന്നിവ സമർപ്പിക്കാൻ കഴിയും. ഹെൽപ്പിങ് ഹാൻഡ് എന്ന പദ്ധതിയിലൂടെയാണ് സേവനങ്ങൾ ഓൺലൈനാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പൊതു ഇ-മെയിൽ ഐഡിയും വാട്‌സ്ആപ്പ് നമ്പറും ബന്ധപ്പെട്ട വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പരും പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഓൺലൈൻ പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും ഇതിലൂടെ സാധിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനുമായി ജില്ല ഓഫിസിൽ ഇനി എത്തേണ്ടതില്ല.